കോഴിക്കോട്: ബീച്ചാശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് വീണ്ടും പ്രതി സ്ഥാനത്ത്. നേരത്തെ കേസിൽ സൂരജിനെ പ്രതിസ്ഥാനത്ത് നിന്ന് നീക്കിയ നടപടി കോഴിക്കോട് വിജിലൻസ് കോടതി തള്ളുകയായിരുന്നു. കേസിൽ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
2012ലാണ് ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്. കേസിൽ ഒന്നാം പ്രതിയായിരുന്ന ഡോ വിജയനെയും, രണ്ടാം പ്രതി സൂരജിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിലെ രണ്ടാം പ്രതിയായിരുന്നു ടി ഒ സൂരജ്.
ആർസിഎച്ച് പദ്ധതി പ്രകാരം 34 ലക്ഷത്തോളം രൂപ ചെലവാക്കി കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ഇവരെ ഒഴിവാക്കിയ സ്ഥിതിക്ക് ഞങ്ങളെയും കൂടി ഒഴിവാക്കണെന്നാവശ്യപ്പെട്ട് മൂന്നും നാലും പ്രതികളായ എം ജി ശശിധരനും ഡിഎം വാസുദേവനും നൽകിയ വിടുതൽ ഹർജി പരിഗണിച്ച് കൊണ്ടാണ് കോഴിക്കോട് വിജിലൻസ് കോടതി കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. സൂരജ് കോഴിക്കോട് കളക്ടറായിരുന്ന സമയത്താണ് ഈ അഴിമതി ആരോപണം ഉയരുന്നത്.
Post Your Comments