
ബെര്‍ലിന്‍: അഡോൾഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ മോട്ടോര്‍സൈക്കിള്‍ സവാരി നടത്തിയ യുവാവിനെതിരെ ജർമനിയിൽ ജനരോഷം കത്തുന്നു. ലോകംകണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയും നാസിസ്റ്റ് ഭരണാധികാരിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറെ ഓര്‍മകളില്‍നിന്നുപോലും മായ്ചുകളയാന്‍ ശ്രമിക്കുന്നവരാണ് ജര്‍മന്‍കാര്‍. അപ്പോഴാണ് പുതിയ ഹിറ്റ്ലറെ അവതരിപ്പിച്ച് യുവാക്കൾ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം അഗസ്റ്റസ്ബര്‍ഗില്‍ നടന്ന സംഭവം ജര്‍മനിക്കിപ്പോള്‍ തലവേദനയായിരിക്കുകയാണ്. ഹിറ്റ്‌ലറുടെ രൂപസാദൃശ്യമുള്ള ഒരാള്‍ ഹിറ്റ്‌ലറെപ്പോലെ വേഷം ധരിച്ച് പഴയ മോഡല്‍ മോട്ടോര്‍സൈക്കിളില്‍ നടത്തിയ യാത്രയാണ് കൗതുകത്തേക്കാള്‍ കൂടുതല്‍ ജനരോഷം ഉയര്‍ത്തിവിട്ടിരിക്കുന്നത്. അഗസ്റ്റസ്ബര്‍ഗില്‍ നടന്ന ഒരു മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവലിലാണ് ഹിറ്റ്‌ലറുടെ അപരന്‍ പ്രത്യക്ഷപ്പെട്ടത്. ഈ റോഡ് യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
രക്തരൂക്ഷിതമായ ഹിറ്റ്ലറിൻറെ കാലഘട്ടത്തെ ഓർമിപ്പിച്ച യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ മുറിമീശയും കോട്ടും ഹെയര്‍സ്‌റ്റൈലുമെല്ലാം അപരനുമുണ്ടായിരുന്നു. പ്രത്യേക ഇരിപ്പിടം ഘടിപ്പിച്ച പഴയമട്ടിലുള്ള മോട്ടോര്‍സൈക്കിളിലായിരുന്നു ഹിറ്റ്‌ലറുടെ ഇരിപ്പ്. ഹിറ്റലറെപ്പോലെ ഇയാള്‍ കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി സൈനികന്റെ യൂണിഫോമും ഹെല്‍മറ്റും ധരിച്ച ഒരാളായിരുന്നു മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നത്.
Post Your Comments