തിരുവനന്തപുരം : കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം ഇങ്ങനെ. വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്പ്മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തീപ്പിടിത്തത്തില്‍ വീടുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും, വീട് പൂര്‍ണ്ണമായി കത്തിനശിച്ചാന്‍ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂര്‍ണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നല്‍കും.
Post Your Comments