തിരുവനന്തപുരം: ഫീസ് സൗജന്യത്തിന്റെ പരിധിയിൽ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പ്രത്യേക അദാലത്തുകൾ ജനുവരി 16 മുതൽ സംഘടിപ്പിക്കുന്നതാണ്. അദാലത്തുകളിൽ ഭൂവുടമകൾ വീണ്ടും അപേക്ഷ നൽകേണ്ടി വരില്ലെങ്കിലും, നേരിട്ട് എത്തേണ്ടതാണ്. കുറവ് അപേക്ഷകൾ ഉള്ള റവന്യൂ ഡിവിഷനുകളിലാണ് ആദ്യം അദാലത്തുകൾ സംഘടിപ്പിക്കുക. ഒന്നര മാസത്തിനകം മുഴുവൻ ഡിവിഷനുകളിലും അദാലത്തുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ അപേക്ഷകൾ ഉള്ള ജില്ലകളിൽ രണ്ട് ദിവസം അദാലത്തുകൾ നടത്തുന്നത് പരിഗണനയിലുണ്ട്. നിലവിൽ, ഫോം ആറിൽ ലഭിച്ച അപേക്ഷകൾ 27 റവന്യൂ ഡിവിഷൻ തലങ്ങളിലായി ആർഡിഒമാർ പരിഗണിക്കുന്ന തരത്തിലാണ് അദാലത്തുകൾ നടത്തുക. അദാലത്തുകളുടെ തീയതികൾ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് നിശ്ചയിക്കുന്നതാണ്. 25 സെന്റിൽ താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമായ അപേക്ഷകളാണ് ഫോം ആറിൽ സമർപ്പിച്ചിട്ടുള്ളത്. നിലവിൽ, ഏകദേശം 1.26 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളും അദാലത്തുകളുടെ ഭാഗമാകുന്നതാണ്.
Post Your Comments