ഹാമിള്‍ട്ടണ്‍ : ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ച ആരാധകന് രണ്ട് വര്‍ഷത്തെ വിലക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. വിലക്ക് പ്രകാരം 2022 വരെ ആരാധകന് അന്തര്‍ദേശീയ-പ്രാദേശിക മത്സരങ്ങള്‍ കാണാന്‍ സാധിക്കില്ല. ഇത് ലംഘിച്ചാല്‍ കൂടുതല്‍ നിയമനടപടികള്‍ ആരാധകനെതിരെ ഉണ്ടാവും.
കഴിഞ്ഞ നവംബറില്‍ ബേ ഓവലില്‍ നടന്ന ന്യൂസിലാന്‍ഡ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ അവസാന ദിവസമാണ് ഒരു ആരാധകനില്‍ നിന്ന് ജോഫ്രെ ആര്‍ച്ചറിന് വംശീയ അധിക്ഷേപമുണ്ടായത്. പുറത്തായ ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേയാണ് വിവാദമായ സംഭവം അരങ്ങേറിയത്.തുടര്‍ന്ന് താരം തനിക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായ കാര്യം സോഷ്യല്‍ മീഡിയ വഴി തുറന്നു പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇരുപത്തെട്ടുകാരനായ ന്യൂസിലാന്‍ഡ് പൗരന്‍ കുറ്റം ഏല്‍ക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഈ വിഷയത്തില്‍ ജോഫ്രെ ആര്‍ച്ചറിനോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്
‘ന്യൂസിലന്‍ഡില്‍ വെച്ച് മോശം പെരുമാറ്റം നേരിട്ടതില്‍ ആര്‍ച്ചറോടും ഇംഗ്ലണ്ട് ടീമിനോടും വീണ്ടും മാപ്പ് പറയുകയാണ്. വംശീയാധിക്ഷേപം പോലുള്ള നീക്കങ്ങള്‍ ഒരിക്കലും അനുവദിച്ചുകൊടുക്കില്ല. വിലക്ക് ലംഘിച്ചാല്‍ ആരാധകന്‍ പൊലീസ് നടപടി നേരിടേണ്ടിവരും’ എന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചിരുന്നു. മാത്രവുമല്ല ‘ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളായിരിക്കാം. എന്നാല്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്ന് മറന്നുപോകരുത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല’ എന്നും ബോര്‍ഡ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സംഭവത്തെ കുറ്റപ്പെടുത്തി അഭിപ്രായപ്പെട്ടിരുന്നു.
ജൊഫ്രെ ആര്‍ച്ചര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് ഈ സംഭവത്തെ കുറിച്ച് പുറംലോകമറിഞ്ഞത്. ”എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി എന്നായിരുന്നു ആര്‍ച്ചറുടെ ട്വീറ്റ്. ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ എതിര്‍പ്പിന് വഴിവെച്ചിരുന്നു. തുടര്‍ന്നായിരുന്നു സിസിടിവി പരിശോധിച്ച് യുവാവിനെ പൊലീസും ക്രിക്കറ്റ് ബോര്‍ഡും കണ്ടെത്തിയത്.
Post Your Comments