ഉന്നാവോ: ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുകള്‍.പ്രശാന്ത് ഉപാധ്യായയ്ക്കു കഴിഞ്ഞ ദിവസം രാവിലെ ശ്വാസതടസം നേരിട്ടതായി ബന്ധുകള്‍ പറഞ്ഞു. തുടര്‍ന്നു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാമെന്നു തങ്ങള്‍ നിര്‍ദേശിച്ചുവെന്നും എന്നാല്‍ വിശ്രമിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞുവെന്നും ബന്ധുകള്‍ വ്യക്തമാക്കി. പിന്നീട് കൂടുതൽ ബുദ്ധിമുട്ടു തോന്നിയപ്പോൾ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഡോക്ടര്‍ പ്രശാന്ത് പ്രമേഹരോഗിയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. അതേസമയം പെണ്‍കുട്ടിയുടെ പിതാവിനു പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നതിനു പിന്നാലെ ചികിത്സ നല്കിയ ഡോക്ടറാണ് പ്രശാന്ത് ഉപാധ്യായ. പ്രഥമശുശ്രൂഷ നല്കി ഡോക്ടര്‍ വിട്ടയച്ച, പെണ്‍കുട്ടിയുടെ പിതാവ് ഏതാനും മണിക്കൂറുകള്‍ക്കകം പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. 2018 ഏപ്രിലിലായിരുന്നു സംഭവം. ഇതു സംബന്ധിച്ച കേസിന്റെ വിചാരണ ഇന്നു തുടങ്ങാനിരിക്കേയാണു ഡോക്ടര്‍ മരിച്ചത്.
ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കവേയായിരുന്നു ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്. കസ്റ്റഡിമരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിനിടെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്തു. ഇദ്ദേഹം ഫത്തേപ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.
Post Your Comments