കാബൂൾ: അഫ്ഗാനിസ്ഥാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്. രാജ്യത്തെ ജനംസംഖ്യയുടെ പകുതിയിലേറെപേരും നവംബര്‍ മുതല്‍ പട്ടിണി നേരിടേണ്ടി വരുമെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
22.8 കോടി ആളുകളാണ് അഫ്ഗാനിസ്താനിലെ ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ പോകുന്നത്. തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകളെല്ലാം മനുഷ്യത്വപരമായ ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി റോയിട്ടേഴ്‌സിനോട് പറഞ്ഞു. വികസനകാര്യങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഫണ്ട് അഫ്ഗാനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
3.9 കോടിയാണ് അഫ്ഗാനിസ്താനിലെ ജനസംഖ്യ. ഇതില്‍ 2.28 കോടി ആളുകള്‍ പട്ടിണിയുടെ വക്കത്താണെന്നും അദ്ദേഹം പറഞ്ഞു. 1.4 കോടി ആയിരുന്നു നേരത്തെ ദാരിദ്ര്യ രേഖയ്‌ക്കു താഴെ ഉണ്ടായിരുന്നത്. കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കാന്‍ പോവുകയാണ്. മുതിര്‍ന്നവര്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. അഫ്ഗാനിലെ കാര്യങ്ങള്‍ അതിഗുരുതരമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മള്‍ പ്രവചിച്ച കാര്യങ്ങള്‍ കണക്കുകൂട്ടിയതിലും വേഗത്തില്‍ സത്യമാവുകയാണ്.
കണക്കുകൂട്ടിയതിലും വേഗത്തിലായിരുന്നു താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയത്. ഇപ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ അതിനേക്കാള്‍ വേഗത്തിലാണ് തകരുന്നതെന്നും ബീസ്‌ലി കൂട്ടിച്ചേര്‍ത്തു. പതിവില്‍ നിന്ന് വിപരീതമായി ഗ്രാമപ്രദേശങ്ങളിലേതിന് പുറമെ നഗരപ്രദേശങ്ങളിലെ ജനങ്ങളും പ്രതിസന്ധിയിലാണ്. ഡിസംബര്‍ വരെ അഫ്ഗാനെ സഹായിക്കാന്‍ വേണ്ട നടപടികള്‍ ഇപ്പോള്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നേരിട്ട് സ്വീകരിക്കുകയാണ്.
അഫ്ഗാനില്‍ ഭക്ഷ്യക്ഷാമം നേരിടുന്ന 23 മില്യണോളം വരുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മാസം 220 മില്യണ്‍ ഡോളറാണ് യു.എന്നിന്റെ ഭക്ഷ്യ ഏജന്‍സിക്ക് ആവശ്യമായുള്ളത്. താലിബാന്‍ ഭരണത്തിന് കീഴില്‍ മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ തന്നെ, താലിബാനുമായി സംവദിച്ച് രാജ്യത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കണമെന്നാണ് രാജ്യങ്ങളോട് സംഘടന ആവശ്യപ്പെടുന്നത്.
അല്ലാത്തപക്ഷം, 2015ല്‍ യൂറോപ്പിനെ പിടിച്ച് കുലുക്കിയ സിറിയന്‍ പലായനം പോലെ അഫ്ഗാനില്‍ നിന്നും ആളുകള്‍ കൂട്ടപ്പലായനം ചെയ്യുന്നതിലേക്ക് ഇത് നയിക്കാമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.ആഗസ്റ്റില്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയും താലിബാന്‍ ഭരണം കയ്യടക്കുകയും ചെയ്തതോടെ രാജ്യത്തേക്ക് വരാനിരുന്ന ലക്ഷക്കണക്കിന് ഡോളറിന്റെ ഫണ്ടുകള്‍ തടയപ്പെടുകയായിരുന്നു.
Post Your Comments