ശബരിമല: ഭക്തരുടെ വേഷത്തില്‍ ശബരിമലയിൽ തീവ്രവാദികള്‍ എത്തിയേക്കാമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം പ്രത്യേക നിരീക്ഷണം വേണമെന്നും മുന്നറിയിപ്പുണ്ട്. ശബരിമല, വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും ദര്‍ശനത്തിന് ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്ക് തീവ്രവാദികള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി സംസ്ഥാന പൊലീസ് മേധാവി സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിൽ പോയിന്റുകളായി തിരിച്ചുള്ള പൊലീസ് വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. തീവ്രവാദ - മാവോയിസ്റ്റ് വിഭാഗങ്ങളുടെ ഭീഷണി സാദ്ധ്യതയുള്ളതായി നേരത്തേ പൊലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
Post Your Comments