KeralaLatest NewsNewsIndia

അയ്യേ.. റിവ്യൂ ഇപ്പൊ പരിഗണിക്കുന്നില്ലേ.. ആചാരസംരക്ഷകരും ചങ്കു വക്കീലും ചമ്മി പോയേ; ഇവരുടെ ഞെളിയല്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്, അറിവില്ലായ്മ ഒരു അപരാധം ഒന്നുമല്ലെങ്കിലും അതൊരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് അരോചകമാണ്- ശങ്കു ടി ദാസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജികള്‍ ഒമ്പതംഗ ബെഞ്ച് പരിഗണിക്കില്ലെന്നറിഞ്ഞപ്പോള്‍ പരിഹാസവുമായി എത്തിയവര്‍ക്ക് മറു മറുപടിയുമായി ശങ്കു ടി ദാസ്. ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ റിവ്യൂ ഹര്‍ജികള്‍ ഒമ്പതംഗ ബെഞ്ച് പരിഗണിക്കില്ല എന്ന വസ്തുത ഇപ്പോഴാണ് പല പ്രമുഖ അഭിഭാഷകര്‍ക്കും ബോധ്യപ്പെട്ടത് എന്ന കാര്യം അവരുടെ ഇന്നത്തെ ആവേശവും ആഘോഷവും കണ്ടപ്പോള്‍ ആണ് മനസ്സിലായത്. അപ്പൊ ശരിക്കും റിവ്യൂ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ ആണ് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത് എന്നാണോ നിങ്ങള്‍ ഇത് വരെയും വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ അതേ ബെഞ്ചിന് തന്നെയാണ് അധികാരം.ഒരു ബെഞ്ചിന്റെ വിധി അതിന്റെ മേലെയുള്ള ഉയര്‍ന്ന ബെഞ്ച് പരിശോധിക്കുമ്പോള്‍ അത് റിവ്യൂ അല്ല, അപ്പീലാണ്. ആയത് പ്രകാരം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടത് വിധി പറഞ്ഞ അതേ ബെഞ്ച് തന്നെയാണ്. അതേ ബെഞ്ച് തന്നെയാണ് ഇപ്പോളുമത് പരിഗണിച്ചു കൊണ്ടരിക്കുന്നതും.പഴയ ബെഞ്ചിലെ റിട്ടയര്‍ ചെയ്ത ഒരംഗമായ അന്നത്തെ ചീഫ് ജസ്റ്റിസിന് പകരം നിലവിലെ ചീഫ് ജസ്റ്റിസ് ഇപ്പോള്‍ അതില്‍ വന്നിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ വ്യത്യാസം.

ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചിട്ടുള്ളത് റിവ്യൂ ഹര്‍ജി കേള്‍ക്കാനല്ല. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ അഞ്ചംഗ ബെഞ്ച് അനുവര്‍ത്തിക്കേണ്ടതും പാലിക്കേണ്ടതുമായ തത്വങ്ങള്‍ രൂപീകരിക്കാന്‍ ആണ് ഒമ്പതംഗ ബെഞ്ച്. ഒമ്പതംഗ ബെഞ്ച് പ്രിന്‍സിപ്പള്‍സ് ഫോര്‍മുലേറ്റ് ചെയ്യുന്നു. ആ പ്രിന്‍സിപ്പള്‍സിന് അനുസൃതമായി അഞ്ചംഗ ബെഞ്ച് റിവ്യൂ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നു. ഇതാണ് കാര്യം ഇത് മനസിലായവര്‍ക്ക് മനസിലാക്കിയവര്‍ക്ക് ഇന്നത്തെ പ്രസ്താവയില്‍ ഞെട്ടലും ഉണ്ടാവുകയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇത് നിയമം അറിയുന്നവര്‍ക്കൊക്കെ നേരത്തെ മനസ്സിലായതും ആണ്. അത് കൊണ്ടാണ് അവരൊന്നും ഒമ്പതംഗ ബെഞ്ച് പതിമൂന്നിന് കേസ് പരിഗണിക്കും എന്നറിഞ്ഞിട്ടും അതില്‍ വലിയ ആവേശം കാണിക്കുകയോ അതിന്മേല്‍ പോസ്റ്റ് ഇടുകയോ ഒന്നും ചെയ്യാത്തതും.അത് മനസ്സിലാവാത്തവര്‍ ആണ് റിവ്യൂവില്‍ ഇന്ന് വിധിയറിയാം എന്ന് വിചാരിച്ചു കോടതിയില്‍ പോവാതെ ടി.വിയില്‍ മിഴിച്ചിരുന്നതുംഅയ്യേ  റിവ്യൂ ഇപ്പൊ പരിഗണിക്കുന്നില്ലേ ആചാരസംരക്ഷകരും ചങ്കു വക്കീലും ചമ്മി പോയേ എന്നൊക്കെ പോസ്റ്റ് ഇട്ട് വ്യാജ ആവേശം കാണിക്കുന്നതും. ഇപ്പോളെന്തായി? ഞങ്ങള്‍ അപ്പോളേ പറഞ്ഞില്ലേ? എന്നൊക്കെയുള്ള ഇവരുടെ ഞെളിയല്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. അറിവില്ലായ്മ ഒരു അപരാധം ഒന്നുമല്ലെങ്കിലും അതൊരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് അരോചകമാണ്. ഒമ്പതംഗ ബെഞ്ച് റിവ്യൂ തീര്‍പ്പാക്കാന്‍ അല്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു. നിങ്ങള്‍ അത് ഇന്നേ അറിഞ്ഞുള്ളുവെന്നത് നിങ്ങളുടെ മാത്രം പോരായ്മ ആണെന്നും ശങ്കു ടി ദാസ് പരിഹാസ പൂര്‍വ്വം ഫെയ്‌സ് കുറിപ്പില്‍ പറയുന്നു.

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ റിവ്യൂ ഹർജികൾ ഒമ്പതംഗ ബെഞ്ച് പരിഗണിക്കില്ല എന്ന വസ്തുത ഇപ്പോളാണ് പല പ്രമുഖ അഭിഭാഷകർക്കും ബോധ്യപ്പെട്ടത് എന്ന കാര്യം അവരുടെ ഇന്നത്തെ ആവേശവും ആഘോഷവും കണ്ടപ്പോൾ ആണ് മനസ്സിലായത്.
അപ്പൊ ശരിക്കും റിവ്യൂ ഹർജികൾ തീർപ്പാക്കാൻ ആണ് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത് എന്നാണോ നിങ്ങൾ ഇത് വരെയും വിശ്വസിച്ചിരുന്നത്?

വല്ലാത്ത കഷ്ടം.
ബേസിക്സ് ആണ് ബേസിക്സ്.

ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാൻ അതേ ബെഞ്ചിന് തന്നെയാണ് അധികാരം.
ഒരു ബെഞ്ചിന്റെ വിധി അതിന്റെ മേലെയുള്ള ഉയർന്ന ബെഞ്ച് പരിശോധിക്കുമ്പോൾ അത് റിവ്യൂ അല്ല, അപ്പീലാണ്.
ആയത് പ്രകാരം ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച 2018 സെപ്റ്റംബർ 28ലെ വിധി പുനഃപരിശോധിക്കേണ്ടത് വിധി പറഞ്ഞ അതേ ബെഞ്ച് തന്നെയാണ്.
അതേ ബെഞ്ച് തന്നെയാണ് ഇപ്പോളുമത് പരിഗണിച്ചു കൊണ്ടരിക്കുന്നതും.
പഴയ ബെഞ്ചിലെ റിട്ടയർ ചെയ്ത ഒരംഗമായ അന്നത്തെ ചീഫ് ജസ്റ്റിസിന് പകരം നിലവിലെ ചീഫ് ജസ്റ്റിസ് ഇപ്പോൾ അതിൽ വന്നിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ വ്യത്യാസം.
ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചിട്ടുള്ളത് റിവ്യൂ ഹർജി കേൾക്കാനല്ല.

പിന്നെന്തിനാണ് ഒമ്പതംഗ ബെഞ്ച് ഉണ്ടാക്കിയത്?
റിവ്യൂ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിൽ അഞ്ചംഗ ബെഞ്ച് അനുവർത്തിക്കേണ്ടതും പാലിക്കേണ്ടതുമായ തത്വങ്ങൾ രൂപീകരിക്കാൻ ആണ് ഒമ്പതംഗ ബെഞ്ച്.
ഒമ്പതംഗ ബെഞ്ച് പ്രിൻസിപ്പൾസ് ഫോർമുലേറ്റ് ചെയ്യുന്നു.
ആ പ്രിൻസിപ്പൾസിന് അനുസൃതമായി അഞ്ചംഗ ബെഞ്ച് റിവ്യൂ ഹർജികൾ തീർപ്പാക്കുന്നു.
ഇതാണ് ഇതിലെ പ്രക്രിയ.
ആ പ്രക്രിയ നേരത്തെ മനസിലാക്കിയവർക്ക് ഇന്നൊരു ഞെട്ടലും ഉണ്ടാവുകയുമില്ല.

അതായത്, 2019 നവംബർ 14ന് റിവ്യൂ ഹർജിയിൽ തീർപ്പ് കൽപ്പിക്കാൻ ശ്രമിക്കവേ അതിൽ നിർണ്ണായകവും സങ്കീർണ്ണവുമായ പല നിയമ പ്രശ്നങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങൾക്കും ബോധ്യപ്പെടുക ഉണ്ടായി.
അതിനാൽ റിവ്യൂ തീർപ്പാക്കും മുൻപ് ആ നിയമ പ്രശ്നങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് ഭൂരിപക്ഷ വിധിയിലൂടെ അവർ തീരുമാനമെടുത്തു.
ഉദാഹരണത്തിന്, ഒരു മത വിഭാഗത്തിന്റെ അത്യന്താപേക്ഷിതമായ ആചാരങ്ങൾ (Essential Practices) ഏതൊക്കെയെന്നത് കോടതിയാണോ അതോ ആ മത വിഭാഗം തന്നെയാണോ തീരുമാനിക്കേണ്ടത് എന്നതൊരു നിർണ്ണായക നിയമ പ്രശ്നമായിരുന്നു.
1954ലെ പ്രസിദ്ധമായ ഷിരൂർ മഠം കേസിൽ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് വിധിച്ചത് അത്തരം എസൻഷ്യൽ പ്രാക്ടീസസ് ഏതൊക്കെയാണെന്നത് ആ മത വിഭാഗം തന്നെയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു.
എന്നാൽ 2018ലെ ശബരിമല കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ആ തത്വത്തിനു എതിരുമായിരുന്നു.
അങ്ങനെയിരിക്കെ ആ വിധി എങ്ങനെ നിലനിൽക്കും എന്നതൊരു ചോദ്യമാണ്.
ഏഴംഗ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ അഞ്ചംഗ ബെഞ്ചിന് അധികാരവുമില്ല.
ഈ തത്വം പുനഃപരിശോധിച്ചു അത് നിലനിൽക്കുമോ അതോ മറികടക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ ചുരുങ്ങിയത് ഒമ്പതംഗങ്ങൾ ഉള്ള ബെഞ്ച് വേണം.

അത് പോലെ, 1961ലെ അജ്മീർ ദർഗാ കേസിൽ ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളിലെ വിശ്വാസപരമായ ഘടകങ്ങൾ ഉൾപ്പെടുന്ന വിഷയത്തിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് തീർപ്പാക്കിയിരുന്നു.
എന്നാൽ ശബരിമല കേസിലെ വിധി ഈ തത്വത്തിനും എതിരായിരുന്നു.
ഇതിൽ ഏത് തത്വമാണ് ശരിയും നിലനിൽക്കേണ്ടതും പിന്തുടരേണ്ടതും?
അതൊരു ഉയർന്ന ബെഞ്ചിന് മാത്രമേ തീരുമാനിക്കാൻ ആവൂ.
അത് വ്യക്തമായ ശേഷം മാത്രമേ റിവ്യൂ ഹർജിയിൽ തീർപ്പ് കൽപ്പിക്കാനുമാവൂ.
അതിനാൽ ഉയർന്ന ബെഞ്ച് രൂപീകരിക്കേണ്ടത് ഒരു അനിവാര്യതയായിരുന്നു.

മുസ്ലിം വനിതകളുടെ മസ്ജിദ്/ദർഗാ പ്രവേശന വിലക്ക്, പാഴ്സികൾ അല്ലാത്തവരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകൾക്ക് ആഗ്യാരിയിൽ പ്രവേശിക്കാനുള്ള വിലക്ക്, ദാവൂദി ബോഹ്റാ സമുദായക്കാർ പിന്തുടരുന്ന വനിതാ ചേലാകർമ്മത്തിന്റെ സാധുത എന്നിങ്ങനെ കോടതിയുടെ പരിഗണനയിൽ ഉള്ള നിരവധി കേസുകളിൽ ശബരിമല കേസിൽ രൂപീകൃതമായ തത്വം ബാധകമാവുമായിരുന്നു.
അതിനനുസൃതമായാണോ അതോ മുൻ കേസുകളിൽ നിർണ്ണയിച്ച തത്വത്തിനു അനുസൃതമായാണോ ഈ കേസുകളിൽ ഒക്കെ കോടതി വിധി പറയേണ്ടത്?
ഏതായിരിക്കണം ഭാവിയിൽ വന്നേക്കാവുന്ന സമാന സ്വഭാവമുള്ള കേസുകളിൽ പിന്തുടരേണ്ടതായ തത്വം?
ഈ കാര്യത്തിൽ വ്യക്തത ആവശ്യമായിരുന്നു.

അത്തരത്തിൽ ഏഴ് നിർണ്ണായകമായ നിയമ പ്രശ്നങ്ങൾ ആണ് റിവ്യൂ ഹർജി പരിഗണിച്ച ഘട്ടത്തിൽ ഭൂരിപക്ഷ ബെഞ്ച് നേരിട്ടത്.
അവ തീർപ്പാക്കാനുള്ള തത്വങ്ങൾ രൂപീകരിക്കാൻ ആണ് വിശാല ബെഞ്ച് സ്ഥാപിക്കാൻ തീരുമാനിച്ചതും.
റിവ്യൂ ഹർജിയല്ല, ഈ ഏഴു നിയമ പ്രശ്നങ്ങൾ ആണ് ഒമ്പതംഗ വിശാല ബെഞ്ച് പരിഗണിക്കുകയും അന്തിമ തീർപ്പ് കൽപ്പിക്കുകയും ചെയ്യുക.
അവയിൽ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കുന്ന തത്വങ്ങളാണ് ഇനിയങ്ങോട്ടുള്ള കേസുകളിൽ ബാധകവും ആവുക.

ചുരുക്കത്തിൽ, ഏഴ് ചോദ്യങ്ങൾ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ വെച്ചിട്ടുണ്ട്.
അതിനവർ കൃത്യമായ ഉത്തരങ്ങൾ കണ്ടെത്തുന്നതോടെ അവ ബൈൻഡിങ് ആയ നിയമ തത്വങ്ങൾ ആവും.
അതിന് ശേഷം അഞ്ചംഗ ബെഞ്ച് വീണ്ടും റിവ്യൂ ഹർജികൾ പരിഗണിക്കും.
മേല്പറഞ്ഞ തത്വങ്ങൾക്കനുസരിച്ചു ആ ഹർജികളിൽ വിധി പറയുകയും ചെയ്യും.

ഇതാണ് മുകളിൽ പറഞ്ഞ പ്രക്രിയ.
അത് നിയമം അറിയുന്നവർക്കൊക്കെ നേരത്തെ മനസ്സിലായതും ആണ്.
അത് കൊണ്ടാണ് അവരൊന്നും ഒമ്പതംഗ ബെഞ്ച് പതിമൂന്നിന് കേസ് പരിഗണിക്കും എന്നറിഞ്ഞിട്ടും അതിൽ വലിയ ആവേശം കാണിക്കുകയോ അതിന്മേൽ പോസ്റ്റ് ഇടുകയോ ഒന്നും ചെയ്യാത്തതും.
അത് മനസ്സിലാവാത്തവർ ആണ് റിവ്യൂവിൽ ഇന്ന് വിധിയറിയാം എന്ന് വിചാരിച്ചു കോടതിയിൽ പോവാതെ ടി.വിയിൽ മിഴിച്ചിരുന്നതും, കാര്യങ്ങൾ അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇളിഭ്യരായതും, പിന്നെ അതിന്റെ ജാള്യത മറയ്ക്കാൻ അയ്യേ.. റിവ്യൂ ഇപ്പൊ പരിഗണിക്കുന്നില്ലേ.. ആചാരസംരക്ഷകരും ചങ്കു വക്കീലും ചമ്മി പോയേ.. എന്നൊക്കെ പോസ്റ്റ് ഇട്ട് വ്യാജ ആവേശം കാണിക്കുന്നതും.
ഇപ്പോളെന്തായി? ഞങ്ങൾ അപ്പോളേ പറഞ്ഞില്ലേ? എന്നൊക്കെയുള്ള ഇവരുടെ ഞെളിയൽ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.
അറിവില്ലായ്മ ഒരു അപരാധം ഒന്നുമല്ലെങ്കിലും അതൊരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് അരോചകമാണ്.

ഒമ്പതംഗ ബെഞ്ച് റിവ്യൂ തീർപ്പാക്കാൻ അല്ലെന്നത് എല്ലാവർക്കും അറിയുന്ന കാര്യമായിരുന്നു.
നിങ്ങൾ അത് ഇന്നേ അറിഞ്ഞുള്ളുവെന്നത് നിങ്ങളുടെ മാത്രം പോരായ്മ ആണ്.
അങ്ങനെയുള്ള പ്രമുഖ നിയമജ്ഞർ അവരുടെ കോട്ടും ഗൗണുമൂരി കോടതിയിലെ ബെഞ്ചും ഡെസ്കും ഒക്കെ തുടച്ചു വൃത്തിയാക്കിയിട്ടാൽ നിയമം അറിയുന്ന മറ്റു വക്കീലന്മാർക്ക് വെടിപ്പായി അതിലിരുന്നു കേസ് നടത്താൻ സൗകര്യമുണ്ടാകും എന്നാണ് എൻ്റെ അഭിപ്രായം.
ആ വക്കീൽ കുപ്പായം കൊണ്ട് രാജ്യത്തെ നിയമസംവിധാനത്തിന് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ.

https://www.facebook.com/sankutdas/posts/10157180421997984

shortlink

Related Articles

Post Your Comments

Related Articles


Back to top button