കൊച്ചി: കണ്ണിലും മൂക്കിലും ചെവിയിലും പൊടി. മരടിൽ തകർന്നു വീണ ഫ്ലാറ്റിൽ നിന്നുയർന്ന പൊടിമേഘം ശക്തമായ കാറ്റിൽ ജനക്കൂട്ടത്തെ മൂടിയപ്പോഴാണു കാഴ്ചക്കാരും പൊലീസും ഉൾപ്പെടെ ഓടിയത്. ഗോൾഡൻ കായലോരം നിലംപൊത്തുന്നതു കാണാൻ തൈക്കൂടം ഭാഗത്ത് ആകാംക്ഷയോടെ കാത്തുനിന്നവരാണു പെട്ടുപോയത്.
സ്‌ഫോടനത്തിൽ ഫ്ലാറ്റ് തകർന്നു വീണതോടെ ഉയർന്ന പൊടിപടലങ്ങൾ കാറ്റിന്റെ ഗതിയനുസരിച്ചു ചമ്പക്കര കനാൽ കടന്നു തൈക്കൂടം പാലത്തിന്റെ ഭാഗത്തേക്കു സെക്കൻഡുകൾക്കുള്ളിൽ പറന്നെത്തി. കനാൽ റോഡിൽ കാഴ്ചക്കാരും മാധ്യമ സംഘങ്ങളും പൊലീസും കൂടിനിന്ന ഭാഗത്തേക്കു പുകമഞ്ഞുപോലെ പൊടി വ്യാപിച്ചു.
ശക്തമായ പൊടിയിൽ കുളിച്ച പലർക്കും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇതോടെ എല്ലാവരും ഓടുകയായിരുന്നു. കുണ്ടന്നൂർ പാലത്തിനു മുകളിൽ ദേശീയപാതയിലും അൽപനേരം പൊടി വ്യാപിച്ചു. പ്രദേശത്തെ വീടുകളിലേക്കും പൊടി പറന്നെത്തി. ആദ്യ 3 ഫ്ലാറ്റുകൾ തകർത്തപ്പോൾ പൊടി ഇത്രയും പ്രശ്നമുണ്ടായിരുന്നില്ല.
Post Your Comments