മുംബൈ: കര്‍ണാടകയില്‍ എംഎല്‍എമാർ കൂറുമാറിയതുപോലെ മഹാരാഷ്ട്രയിലും എംഎല്‍എമാർ അതൃപ്തരെന്നു സൂചന നൽകി മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. ബിജെപി ഉടൻ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രസ്താവനയുമായി ഇദ്ദേഹമാണ് രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും അസംതൃപ്തരാണെന്നും ബിജെപി മഹാരാഷ്ട്രയില്‍ ഉടന്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും റാണെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
56 ല്‍ 35 എംഎല്‍എമാരും അസംതൃപ്തരാണ് എന്നാണ് എംപിയുടെ വാദം. ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വിമര്‍ശിച്ച റാണെ, ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും വിമര്‍ശിച്ചു.രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) യുമായി ബിജെപി കൂട്ടുകെട്ടുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന് റാണെ തയാറായില്ല.
ഇക്കാര്യത്തില്‍ ബിജെപി അധ്യക്ഷനാണ് അഭിപ്രായം പറയേണ്ടതെന്ന് റാണെ വ്യക്തമാക്കി.കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്നും എന്ന് ഇതു നടപ്പില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. ശിവസേനയുടെ 56ല്‍ 35 എംഎല്‍എമാര്‍ അസംതൃപ്തരാണ്. കാര്‍ഷിക കടം എഴുതി തള്ളുമെന്ന് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും എപ്പോഴാണ് നടപ്പാക്കുക എന്ന് അറിയിച്ചിട്ടില്ല.
മുഖ്യമന്ത്രി കഴിഞ്ഞദിവസം ഔറംഗാബാദ് സന്ദര്‍ശിച്ചെങ്കിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. ഇത്തരം സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്.സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഞ്ചാഴ്ച എടുത്തവരാണ് ത്രികക്ഷി സഖ്യത്തിലെ പാര്‍ട്ടികളെന്നും റാണെ പരിഹസിച്ചു. ശിവസേനയിലും കോണ്‍ഗ്രസിലും ഏറെ കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് റാണെ.
2017ലാണ് കോണ്‍ഗ്രസ് വിട്ടത്. ശിവസേനയിലെ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസിലെ അശോക് ചവാന്‍ എന്നിവര്‍ ഒഴികെ എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്ന് നാരായണ്‍ റാണെ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments