Latest NewsNewsSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയം ; വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

വിജയകുതിപ്പ് തുടരുന്ന ലിവര്‍പൂളിന് മുന്നില്‍ മൗറിഞ്ഞ്യോയുടെ ടോട്ടനവും മുട്ടുമടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്ന ലിവര്‍പൂളിന്റെ വിജയം. ക്ലോപ്പിന്റെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ മൗറിഞ്ഞ്യോയുടെ അടവുകള്‍ പാളിപ്പോകുന്ന കാഴ്ചയായിരുന്നു കളിക്കളത്തില്‍ കണ്ടത്. റോബര്‍ട്ടോ ഫിര്‍മിനോ നേടിയ ഗോളിലായിരുന്നു ലിവര്‍പൂളിന്റെ വിജയം. 37-ാം മിനിട്ടില്‍ മുിഹമ്മദ് സലയില്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു ഫിര്‍മീനോയുടെ ഗോള്‍.ഈ  ഒരു ഗോളിന്റെ പിന്‍ബലത്തിലായിരുന്നു ലിവര്‍പൂളിന്റെ വിജയം.  സ്വന്തം ഹോം ഗ്രൗണ്ടിലെ പരാജയം  മൗറിഞ്ഞ്യോയ്ക്കും ടീമിനും തിരിച്ചടിയായി.

ഈ സീസണിലെ 21 പ്രീമിയര്‍ ലീഗില്‍ നിന്നും 20 ാം വിജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം പകുതിയില്‍ ടോട്ടനം കളിയിലേയ്ക്ക് തിരിച്ചുവന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. ഈ വിജയത്തോടെ 61 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ് 45 പോയിന്റുമായി ലൈസസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 30 പോയിന്റുകളുമായി ടോട്ടനം 8 ാം സ്ഥാനത്താണ് ഉള്ളത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചു. എതിരില്ലാത്ത 4 ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് നോര്‍വിച്ച് സിറ്റിയെ തകര്‍ത്തത്. റാഷ്‌ഫോഡിന്റെ ഇരട്ടഗോള്‍ മികവിലായിരുന്നു യുണൈറ്റഡിന്റെ വിജയം. ആന്റണി മാര്‍ഷ്യലും ഗ്രീന്‍വുഡുമാണ് യുണൈറ്റഡിന്റെ മറ്റു സ്‌കോറര്‍മാര്‍. കളി തുടങ്ങി 27 ാം മിനുട്ടില്‍ തന്നെ റാഷ്‌ഫോഡ് ആദ്യഗോള്‍ നേടി. പിന്നീട് 52 ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയും റാഷ്‌ഫോഡ് ഗോളാക്കി മാറ്റി. ഇതിന്റെ ആഘാതം മാറും മുന്നേതന്നെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. 54 ാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യല്‍സായിരുന്നു ഗോള്‍ സ്‌കോറര്‍. 76 ാം മിനുട്ടില്‍ ഗ്രീന്‍വുഡും ഗോളടിച്ച് യുണൈറ്റഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ 34 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി.

ബേണ്‍ലിയെ എതിരില്ലാത്ത 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സി വിജയം ആഘോഷിച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആധികാരികമായിരുന്നു ലാംപാര്‍ഡിന്റെയും സംഘത്തിന്റെയും വിജയം. 27 ാം മിനുട്ടില്‍ വില്ലിയനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ജോര്‍ജീഞ്ഞ്യോ ലക്ഷ്യസ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് 37 ാം മിനുട്ടില്‍  റ്റാമി എബ്രഹാം നേടിയ ഗോളിലൂടെ ചെല്‍സി ലീഡ് രണ്ടായി ഉയര്‍ത്തി. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ചെല്‍സി വലകുലുക്കി പട്ടിക തികച്ചു. ഇത്തവണ യുവതാരം ഹഡ്‌സണ്‍ ഒഡോയിയുടെ വകയായിരുന്നു ഗോള്‍.ഈ വിജയത്തോടെ 39 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെല്‍സി ഇപ്പോള്‍.

എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ലൈസസ്റ്റര്‍ സിറ്റി സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ലൈസസ്റ്ററിന്റെ പരാജയം.സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ് , ഡാനി ഇംഗ്‌സ് എന്നിവരായിരുന്നു സതാംപ്ടണിന് വേണ്ടി ഗോള്‍ നേടിയത്.അതേസമയം ആഴ്‌സണിലിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button