കൊച്ചി: എല്ലാം നിമിഷങ്ങള്‍ക്കകം.. കണ്ണടച്ച് തുറക്കുംമുമ്പ് എല്ലാം തീര്‍ന്നു. ഒരു നിലയലേറെ ഉയരത്തിലാണ് ഫ്‌ളാറ്റുകളുടെ അവശിഷ്ടം കൂടിക്കിടക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു മാസമെടുക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചിട്ടുണ്ട്. . കായലില്‍ വീണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായി നീക്കം ചെയ്യുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഹോളിഫെയ്ത്തിലും ആല്‍ഫ സെറീനിലും ഒരു നിലയിലേറെ ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂമ്പാരം അടിഞ്ഞിട്ടുണ്ട്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചുറ്റുമുളള കെട്ടിടങ്ങള്‍ക്കോ വീടുകള്‍ക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. നിസാര കേടുപാടുകള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ചുറ്റുമുളള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്ളാറ്റായ എച്ച്ടുഒ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്.ആല്‍ഫ സെറീന്റെ രണ്ട് അപ്പാര്‍ട്ട്മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ പതിക്കുന്ന തരത്തിലാണ് സ്ഫോടനം തീരുമാനിച്ചിരുന്നത്. ചുറ്റുപാടുമുളള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ വീഴുന്ന രീതിയില്‍ സ്ഫോടനം ആസൂത്രണം ചെയ്തത്. കായലില്‍ വീണ കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Post Your Comments