ചണ്ഡീഗഡ്: ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാനത്ത് ഏഴു അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലു കോടതികള്‍ ലുധിയാനയിലും, അമൃത്സര്‍, ജലന്ധര്‍, ഫിറോസ്പുര്‍ എന്നിവിടങ്ങളില്‍ ഓരോ അതിവേഗ കോടതികള്‍ വീതവും സ്ഥാപിക്കും. കോടതികളില്‍ ഏഴ് അഡീഷണല്‍, ജില്ലാ സെഷന്‍ ജഡ്ജുകള്‍, 63 സ്റ്റാഫുകള്‍ എന്നിവരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
അതിവേഗ കോടതികളുടെ നിര്‍മ്മാണത്തിനായി 3.57 കോടി രൂപ വകയിരുത്തി. കൂടാതെ കുട്ടികള്‍ക്കെതിരായ പീഡന കേസുകള്‍ വിചാരണ ചെയ്യാന്‍ മൂന്നു പ്രത്യേക കോടതികളും, 10 കുടുംബ കോടതികളും സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക കോടതിക്കായി 2.57 കോടി രൂപയും യോഗത്തില്‍ വകയിരുത്തി. ഇവയ്ക്ക് പുറമെ 5.55 കോടി രൂപ ചിലവില്‍ 10 ജില്ലകളിലായി പത്ത് കുടുംബ കോടതികള്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി.
മാനഭംഗ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇരകള്‍ക്ക് നീതി വൈകുന്നതാണ് കുറ്റകൃത്യങ്ങള്‍ പെരുകാനുള്ള പ്രധാന കാരണമെന്നാണ് പൊതുവെയുള്ള വിമര്‍ശനം. ഈ സാഹചര്യത്തിലാണ് കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. ബലാത്സംഗ കേസുകള്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന 2018-ല്‍ നിലവില്‍ വന്ന സിആര്‍പിസി സെക്ഷന്‍ 173-ലെ ഭേദഗതിക്ക് പുറമെ കുട്ടികള്‍ക്കെതിരായ കേസുകളില്‍ പ്രത്യേക കോടതി നിര്‍മ്മിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.നിലവില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളുടെ എണ്ണം നൂറിന് മുകളിലാണ്. ലുധിയാനയില്‍ 206, ജലന്ധറില്‍ 125 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Post Your Comments