വാഷിങ്ടൻ: വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ യുഎസ് ഇല്ലാതാക്കിയത്. ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നൽകിയ വ്യക്തിയായിരുന്നു സുലൈമാനി.
ബഗ്ദാദ് യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിൽ സുലൈമാനിയാണ്. ഹിസ്ബുല്ലയെ ഉൾപ്പെടെ അയാൾ പരിശീലിപ്പിച്ചു. യുഎസിനെതിരെ മറ്റു പദ്ധതികൾ തയാറാക്കുകയായിരുന്നു സുലൈമാനി, പക്ഷേ അമേരിക്ക അതു തകർത്തു. സുലൈമാനിയെ നേരത്തേ വകവരുത്തേണ്ടതായിരുന്നു.
എണ്ണ–പ്രകൃതിവാതക ഉൽപാദനത്തിൽ യുഎസ് സ്വയംപര്യാപ്തമാണിപ്പോൾ. ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. യുഎസിന് മധ്യപൂർവദേശത്തു നിന്നുള്ള എണ്ണ ആവശ്യമില്ല. ഞങ്ങളുടേത് വമ്പൻ മിസൈലുകളാണ്, ശക്തിയേറിയതും കൃത്യതയാർന്നതുമാണവ. സേനാബലം കാണിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. പക്ഷേ സൈനികപരമായും സാമ്പത്തികമായുമുള്ള കരുത്താണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധമെന്നോർക്കണം– ട്രംപ് പറഞ്ഞു.
ഇറാഖിലെ യുഎസ് സൈനിക ക്യാംപിൽ ഇന്നലെ രാത്രിയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ സൈനികരുൾപ്പെടെ അമേരിക്കക്കാരെല്ലാം സുരക്ഷിതരാണ്. ഇറാഖിന്റെയും യുഎസിന്റെയും ഭാഗത്തു നിന്നും ഒരുതരത്തിലുള്ള ആൾനാശവുമില്ല. സൈനിക ക്യാംപിന് കുറഞ്ഞ നാശനഷ്ടം മാത്രമാണു സംഭവിച്ചത്. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിച്ചു. ആവശ്യമായ മുൻകരുതലുകളും എടുത്തിരുന്നു.
അമേരിക്കൻ സൈനികർ എന്തിനും തയാറാണ്. ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല. സുലൈമാനിയുടെ കൊലപാതകം ഭീകരർക്കുള്ള സന്ദേശമാണ്. മറ്റ് ലോകരാജ്യങ്ങൾക്കും യാഥാർഥ്യം ബോധ്യമുണ്ട്. ഇറാൻ അണ്വായുധ നിർമാണം നിർത്തണം. ഭീകരവാദത്തെ സഹായിക്കുന്നതും അവസാനിപ്പിക്കണം. ഇറാൻ സ്വഭാവം മാറ്റുന്നതു വരെ ഉപരോധം തുടരും. കൂടുതൽ ഉപരോധങ്ങളും ചുമത്താനിരിക്കുകയാണ്.
Post Your Comments