ദമാസ്‌കസ്: അമേരിക്കയും ഇറാനും തമ്മിൽ ഏതു നിമിഷം വേണമെങ്കിലും യുദ്ധം ആരംഭിക്കാമെന്നുള്ള സാഹചര്യം നിലനിൽക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു. ആഗോള തലത്തിൽ റഷ്യയുടെ സന്ദർശനം വലിയ ചർച്ചയായിരിക്കുകയാണ്. ഇറാനുമായി സഖ്യം പുലർത്തുന്ന രാജ്യമാണ് സിറിയയെന്നതാണ് പുടിന്റെ സന്ദർശനം നിർണായകമാക്കുന്നത്.
സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസിൽ ആയിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അപ്രഖ്യാപിത സന്ദർശനം. ദമാസ്‌കസിലെ സൈനിക താവളത്തിൽ അദ്ദേഹം സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി കൂടികാഴ്ച നടത്തി. സിറിയയിലെ സൈനിക സ്ഥിതിഗതികൾ ചർച്ച ചെയ്യാനായിരുന്നു കൂടികാഴ്ചയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ റഷ്യ ഇടപെട്ടു തുടങ്ങിയ ശേഷം ഇത് രണ്ടാം തവണ മാത്രമാണ് പുടിൻ ഇവിടം സന്ദർശിക്കുന്നതെന്നതും മറ്റൊരു പ്രത്യേകത. 2017 ൽ ലടാകിയയിലുള്ള റഷ്യൻ സൈനിക താവളം പുടിൻ സന്ദർശിച്ചിരുന്നു. അന്ന് സിറിയയിലെ യുദ്ധത്തിന്റെ വിജയപ്രഖ്യാപനം നടത്തിയ പുടിൻ, റഷ്യൻ സൈനികരിൽ ഏറിയ പങ്കും നാട്ടിലേക്കു മടങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സിറിയയിൽ നിന്ന് ഇറാഖിലെത്തി നാട്ടിലേക്കു മടങ്ങാനുള്ള യാത്രയ്ക്കിടെയാണ് ഇറാൻ സൈനിക കമാൻഡർ ജനറൽ കാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സിറിയയുടെ പരമാധികാരം ഉറപ്പിക്കുന്നതിൽ ഏറെ മുന്നേറാനായെന്ന്അസദുമായുള്ള സന്ദർശനത്തിനിടെ പുടിൻ അഭിപ്രായപ്പെട്ടു.
ALSO READ: ഇറാൻ തിരിച്ചടി തുടങ്ങി, അമേരിക്കന്‍ വ്യോമ താവളത്തിനു നേരെ വ്യോമാക്രമണം
ഇറാൻ വിഷയം അസദുമായുള്ള പുടിന്റെ ചർച്ചകളിൽ ചർച്ച ചെയ്തുവോ എന്നത് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചില്ല. അതേസമയം തീവ്രവാദം ചെറുക്കാനും സമാധാന അന്തരീക്ഷം മെച്ചപ്പെടുത്താനും സിറിയയ്ക്ക് റഷ്യൻ സൈന്യം നൽകിയ പിന്തുണയ്ക്ക് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ അസദ് നന്ദി രേഖപ്പെടുത്തിയതായി പെസ്കോവ് പറഞ്ഞു.
സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പിന്തുണയുമായി റഷ്യ രംഗത്തെത്തിയതോടെയാണ് ബഷാർ അൽ അസദിനു യുദ്ധത്തിൽ മേൽക്കൈ നേടാനായത്. ഇതോടെയാണ് രാജ്യത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിക്കാൻ അസദിനായത്.
Post Your Comments