കൊച്ചി: ബിനാമി സ്വത്ത് സമ്പാദനക്കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ. ഹൈക്കോടതിയാണ് അന്വേഷണം സ്റ്റേ ചെയ്‌തത്. ബിനാമി ആക്ട് പ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് അധികാരമില്ലന്ന ജേക്കബ് തോമസിന്റെ വാദം കണക്കിലെടുത്താണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്.
കണ്ണൂരിലെ കോൺഗ്രസ് നേതാവ് സത്യൻ നരവൂർ 2018 ഒക്ടോബർ 16ന് നൽകിയ പരാതിയിൽ ഈ മാസം ജനുവരി ഒന്നിനാണ് ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ഈ അനുമതി ഉത്തരാവാണ് ജസ്റ്റിസ് അശോക് മോനാൻ സ്റ്റേ ചെയ്തത്.
തനിക്കെതിരെ കേസെടുക്കാൻ മാത്രമുള്ള കുറ്റമില്ലെന്നും അന്വേഷണം നിലനിൽക്കില്ലെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വാദം. അതേസമയം, പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കന്നതെന്നും കേസ് രജിസ്റ്റർ ചെയതിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചു. കേസെടുക്കാത്ത സാഹചര്യത്തിൽ ജേക്കബ് തോമസിന്റെ ഹർജി അപക്വമാണെന്ന സർക്കാർ വാദം കോടതി തള്ളി.
ഭൂമി ഇടപാടിൽ ജേക്കബ് തോമസിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. കേസിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി. അഗ്രോ ടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ ജേക്കബ് തോമസ് തമിഴ്നാട്ടിലെ രാജപാളയത്ത് നൂറേക്കറോളം ഭൂമി വാങ്ങിയെന്നാണ് പരാതി.
ജേക്കബ് തോമസിനെ അടുത്തിടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാനുള്ള മൂന്നംഗ സമിതിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ഭരണസമിതിയംഗവും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
Post Your Comments