ആലപ്പുഴ:ബിഡിജെഎസില്‍ സുഭാഷ് വാസുവുമായുള്ള പരസ്യപേരിനെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിന് നീക്കമായതോടെ പിന്തുണതേടി തുഷാര്‍ അമിത് ഷായെ കാണും. ഡല്‍ഹിയില്‍ പോയി കാണാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനുമായി സുഭാഷ് വാസു രംഗത്തെത്തിയിരുന്നു.ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ് വാസു ആരോപിച്ചിരുന്നു.
കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളിലെല്ലാം ബിഡിജെഎസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ആറ്റിങ്ങലിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സിപിഎമ്മിനെ സഹായിച്ചു എന്നും സുഭാഷ് വാസു പറഞ്ഞിരുന്നു.
ദുബായില്‍ തുഷാറിന്റെ ബിസിനസ് കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ 3.60 ലക്ഷം ദിര്‍ഹം തനിക്ക് നല്‍കാനുണ്ട്. ഈ പണം ഇതുവരേയും തനിക്ക് തുഷാര്‍ തന്നിട്ടില്ല എന്നു മാത്രമല്ല തുഷാറില്‍ നിന്നും തനിക്ക് വധഭീഷണിയുമുണ്ട്. വെള്ളാപ്പള്ളിയുടെ കുടുംബസ്വത്തായിട്ടല്ല, ദേവസ്വം ബോര്‍ഡ് സ്ഥാനവും സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും കിട്ടിയത്. ബിഡിജെഎസിന്റേയും എസ്എന്‍ഡിപിയുടേയും പാവപ്പെട്ട പ്രവര്‍ത്തകര്‍ അധ്വാനിച്ചതിന്റെ ഫലമാണത്. വെള്ളാപ്പള്ളിയെ അമിത് ഷാ താക്കീത് ചെയ്തിരുന്നുവെന്നും സുഭാഷ് വാസു വെളിപ്പെടുത്തുന്നു. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16-ന് തിരുവനന്തപുരത്ത് ടിപി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സുഭാഷ് വാസു അരോപിക്കുന്നത് വാസ്തവിരുദ്ധമാണെന്നാണ് തുഷാര്‍ അനുകൂലികള്‍ പറയുന്നത്. ഈസാഹചര്യത്തിലാണ് തുഷാര്‍ അമിത് ഷായെ കണ്ട് തന്റെ പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചത്. കൂടാതെ പാര്‍ട്ടിക്ക് അനുവദിച്ച സ്‌പൈസസ് ബേര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന വാസുവിനെ ഉടന്‍ നീക്കണമെന്നും തുഷാര്‍ ആവശ്യപ്പെടും.സംസ്ഥാനത്തെ ചില ബി.ജെ.പി. കേന്ദ്രങ്ങള്‍ സുഭാഷ് വാസുവിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപവും ബി.ഡി.ജെ.എസിനുണ്ട്. അടുത്ത 13നു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം ബി.ഡി.ജെ.എസില്‍നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കാനാണ് നീക്കം. ഈ ആവശ്യമുന്നയിച്ച് എല്ലാ ജില്ലാ കമ്മിറ്റികളും പ്രമേയം പാസാക്കി സംസ്ഥാന നേതൃത്വത്തിനു കൈമാറിയിരുന്നു.
Post Your Comments