കട്ടപ്പന: ഹോട്ടല്‍ അടുക്കളയില്‍ ജലം സൂക്ഷിച്ചിരുന്ന ടാങ്കില്‍ ചത്ത് പുഴുവരിച്ച നിലയില്‍ എലിയെ കണ്ടെത്തി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത എലിയെ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ അടച്ച് പൂട്ടി. ഹോട്ടലിന്റെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. 2018 ജൂണിലും 2017 ജൂണിലും മഹാരാജാ ഹോട്ടലില്‍ നിന്ന് അധികൃതര്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. പലതവണ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിട്ടും വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെയും ശുചിത്വം പാലിക്കാതെയുമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഹോട്ടലിലെ മലിന ജല സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയപ്പോഴാണ് ഹോട്ടലിലെ ജല ടാങ്കില്‍ എലിയെ കണ്ടത്. പരിശോധനാ സമയത്തും ഈ ടാങ്കിലെ വെള്ളം പാചക ആവശ്യങ്ങള്‍ക്കും പാത്രം കഴുകാനും ഉപയോഗിച്ചിരുന്നു.
Post Your Comments