സർക്കാരിനെതിരെ ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതികൾ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ ഫയൽ ചെയ്യപ്പെടുന്നവയിൽ വിധി പ്രസ്താവിച്ച കേസുകളിൽ ഇവ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകരുതെന്ന് ധനകാര്യവകുപ്പ് നിർദേശിച്ചു. വിധി സമയബന്ധിതമായി നടപ്പാക്കാത്തതുവഴി സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ ബാധ്യതയായി നിശ്ചയിച്ച് കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതിവിധികൾ സമയബന്ധിതമായി നടപ്പാക്കാതെയോ, അപ്പീൽ ഫയൽ ചെയ്യാതെയോ വരുന്നതുമൂലം കോടതി അലക്ഷ്യ നടപടി ഉണ്ടാകുകയോ, സർക്കാർ ഭാഗം കോടതി മുമ്പാകെ അവതരിപ്പിക്കുന്നതിന് അവസരം നിഷേധിക്കപ്പെടുകയോ, വിധി നടപ്പാക്കാൻ നിർബന്ധിതമാകുകയോ ചെയ്യുന്നത് വഴിയുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ബാധ്യതയായി നിശ്ചയിക്കും. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് എല്ലാ വകുപ്പ് മേധാവികളോടും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ച റിപ്പോർട്ട് ചെയ്യാൻ ഓഡിറ്റ്, ഇൻസ്‌പെക്ഷൻ ടീമുകൾ ശ്രദ്ധ പതിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.
Post Your Comments