തിരുവനന്തപുരം : എൻസിപിയിൽ അഴിച്ചുപണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്. എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന, ഇതിനുള്ള നീക്കങ്ങൾ കേരള എൻസിപിയിൽ സജീവമായെന്നാണ് റിപ്പോർട്ട്. മാണി സി കാപ്പൻ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനുമുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെ മന്ത്രി എകെ ശശീന്ദ്രൻ മുബൈയിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് മാണി സി കാപ്പൻ മന്ത്രി സഭയിലെത്തുമെന്നു വാർത്തകൾ ഉണ്ടായിരുന്നെങ്കിലും തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് വീണ്ടും നീക്കങ്ങൾ ആരംഭിച്ചത്. എകെ ശശീന്ദ്രന് പകരം മാണി സി കാപ്പൻ മന്ത്രിസഭയിലെത്തണമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്ന എൻസിപി പക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച മാണി സി കാപ്പൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും എന്നു വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയിലേക്ക് എത്താനുള്ള നീക്കങ്ങൾ മാണി സി കാപ്പൻ ശക്തമാക്കിയതോടെയാണ് എകെ ശശീന്ദ്രൻ മുംബൈയിലെത്തി ശരത് പവാറിനെ കണ്ടത്. എന്നാൽ മകന്‍റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നാണ് എകെ ശശീന്ദ്രൻ പ്രതികരിച്ചത്.
തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ടിപി പീതാംബരന് മാസ്റ്റര്‍ക്ക് സംസ്ഥാന അധ്യക്ഷന്‍റെ താൽകാലിക ചുമതല നൽകിയെങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. മാത്രമല്ല കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ അടക്കമുള്ള പ്രശ്ങ്ങളും വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാകും.
Post Your Comments