ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ കൃഷ്ണദാസ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്ഥാന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയെ പോലെയാണ് പെരുമാറുന്നതെന്നും, കേരളത്തെ പ്രത്യേക രാജ്യമാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ സംസാരിച്ച ഒ. രാജഗോപാലിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഇന്ത്യയിൽ നിന്നും വിഘടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രത്യേക രാജ്യമാക്കി മാറ്റുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇന്ത്യയെ രണ്ടാക്കുന്നതിനായി മുഹമ്മദലി ജിന്ന സമർപ്പിച്ച പ്രമേയത്തിന് സമാനമാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പിണറായി വിജയൻ സമർപ്പിച്ച പ്രമേയവും. അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ പാസാക്കിയ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്. നിയമപരമായ കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ അറിവ് സമ്പാദിക്കേണ്ടതായുണ്ട്. പിണറായി വിജയൻ തന്റെ നിലപാടിൽ നിന്നും വ്യതിചലിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറി ഈ വിഷയത്തിൽ പ്രസ്താവനകൾ ഇറക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്റെ താളത്തിന് തുള്ളുകയാണ്.’ ആലപ്പുഴയിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെ പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിന് പിന്നിൽ പിണറായി വിജയനാണ്. യു.എ.പി.എയെ എതിർത്തവർ തന്നെ പിന്നെ അത് നടപ്പാക്കുന്നതാണ് നമ്മൾ കണ്ടത്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കും. ഇപ്പോഴുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. പി.കെ കൃഷ്ണദാസ് ആരോപിച്ചു.
Post Your Comments