ന്യൂ ഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധപ്പെട്ട് തനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം പങ്കുവയ്ക്കുകയാണ് ഇസ്രോ മേധാവി കെ.ശിവന്‍. ‘ചന്ദ്രയാന്‍ 2’ ബഹിരാകാശ ദൗത്യം വിജയമായിരുന്നെങ്കിലും ‘സോഫ്റ്റ് ലാന്‍ഡ്’ വിചാരിച്ച രീതിയിൽ നടക്കാതിരുന്നതിനാൽ കണ്ണുനീരണിഞ്ഞ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്ലേഷിച്ചപ്പോള്‍ വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് കെ.ശിവന്‍ പറയുന്നു. തന്റെ മനസ്സില്‍ അപ്പോള്‍ എന്താണ് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കൃത്യമായി മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം മനസ്സ് തുറന്നത്.
ആ ആശ്ലേഷം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. പ്രധാനമന്ത്രി എന്നെ ആശ്ലേഷിച്ചത് വലിയൊരു കാര്യമാണ്. ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ് പ്രധാനമന്ത്രി എന്നെ കെട്ടിപിടിച്ചത്. എന്റെ മനസില്‍ അപ്പോള്‍ എന്തായിരുന്നു എന്ന് അദ്ദേഹം കൃത്യമായി മനസിലാക്കി. നേതൃപാടവമാണ് അപ്പോള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. അത് ഞങ്ങള്‍ക്കെല്ലാം വലിയ ആശ്വാസമാണ് നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള മനോബലം അത് ഞങ്ങള്‍ക്ക് നല്‍കി. കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജവത്തോടെ ജോലി ചെയ്യുകയാണ് ഞങ്ങള്‍ ഇപ്പോള്‍.’ ഇസ്രോ മേധാവി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 2019 ജൂലായ് 22നാണ് ‘ചന്ദ്രയാന്‍ 2’ വിക്ഷേപിക്കപ്പെട്ടത്. ശേഷം സെപ്തംബര്‍ ആറിന് ചന്ദ്രയാന്‍ 2 വിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ‘സോഫ്റ്റ് ലാന്‍ഡ്’ ചെയ്യുന്നത് കാണാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. തുടര്‍ന്നാണ് ലാന്‍ഡറുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒയ്ക്ക് നഷ്ടമായത്. ഇതിനു ശേഷമാണ് പരാജയത്തിലുള്ള ദുഃഖം സഹിക്കാനാകാതെ വിതുമ്പിയ ഐ.എസ്.ആര്‍.ഒ മേധാവിയെ പ്രധാനമന്ത്രി ആശ്ലേഷിച്ച ശേഷം ആശ്വസിപ്പിച്ചത്.
Post Your Comments