Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്;- കെ. സുരേന്ദ്രന്‍

പിണറായി വിജയന്റെ കാര്യസ്ഥനെ പോലെ സഞ്ചി തൂക്കി നടക്കുന്ന പണിയാണ് ചെന്നിത്തല ചെയ്യുന്നത്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റ് വിജ്ഞാനപമിറക്കിയതാണ് പൗരത്വ ഭേദഗതി നിയമം. ഇത് ജനാധിപത്യവിരുദ്ധമായ നീക്കമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ധിക്കാരപരമായ നടപടിയുമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് വിരുദ്ധമായ നിലപാടാണിത്. ഭരണഘടനയോടുള്ള അനാദരവാണ് സംസ്ഥാനത്തിന്റേത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കോ പ്രതിപക്ഷത്തിനോ രാഷ്ട്രീയമായ പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സംസ്ഥാന നിയമസഭയെ രാജ്യത്തിനെതിരായിട്ടുള്ള ഒരു വേദിയാക്കി മാറ്റാനുള്ള ശ്രമം ആരോഗ്യകരമായ ജനാധിപത്യത്തിന് ഭൂഷണമല്ല.

ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പ്രമുഖ സംഘടനകളിലെ ആരും തന്നെ ഈ യോഗങ്ങളില്‍ സംബന്ധിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണ കൊടുത്ത സാമുദായിക സംഘടനകള്‍ പോലും പൗരത്വ പ്രശ്‌നത്തില്‍ പിന്തുണ നല്‍കിയിട്ടില്ല. സര്‍വകക്ഷി യോഗവും മതസംഘടനകളുടെ സമ്മേളനവും കേരളത്തിന്റെ പൊതുവികാരമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയായ നടപടിയല്ല.

സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായും പിണറായി സര്‍ക്കാര്‍ തകര്‍ത്തു. ഭരണഘടനാ തലവനെ സംരക്ഷിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെങ്കില്‍ അക്കാര്യം കേന്ദ്രത്തെ അറിയിച്ചാല്‍ കേന്ദ്രം സംരക്ഷണം നല്‍കും. ഗവര്‍ണര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ കേസ് കേന്ദ്രത്തെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറെ ശാരീരികമായി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. മുഖ്യമന്ത്രിയെ റോഡില്‍ കരിങ്കൊടി കാണിച്ചതിന് പോലും ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്ന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ അക്രമം നടത്തിയവരെ സംരക്ഷിക്കുന്നു. അക്രമികളെ പിടികൂടാന്‍ ശ്രമിച്ച പോലീസിനെ സിപിഎം എംപിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. സര്‍ക്കാര്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ കേസെടുക്കാത്തത് നിയമവാഴ്ചയുടെ ലംഘനമാണ്. സുരേന്ദ്രന്‍ വ്യക്തമാക്കി.

ALSO READ: ഭരണഘടനയോടുള്ള വെല്ലുവിളി; പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

പ്രകോപനമുണ്ടാക്കി തങ്ങള്‍ ന്യൂനപക്ഷ സംരക്ഷകരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് പിണറായി വിജയന്റേത്. പ്രതിപക്ഷ നേതാവിന്റെ പണിക്ക് പകരം പിണറായി വിജയന്റെ കാര്യസ്ഥനെ പോലെ സഞ്ചി തൂക്കി നടക്കുന്ന പണിയാണ് ചെന്നിത്തല ചെയ്യുന്നത്. രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ പൂര്‍ണമായും അതിന് അടിയറവ് പറഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button