തിരുവനന്തപുരം•സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി. സ്ത്രീകള്‍ നിര്‍ഭയമായി അര്‍ദ്ധരാത്രിയില്‍ സഞ്ചരിച്ചപ്പോള്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയുമായി പുരുഷന്‍മാരും വിവിധ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും കൂടി രംഗത്തെത്തിയതോടെ രാത്രിയാത്ര കേരളം ഏറ്റെടുത്തതു പോലെയായി. പ്രായഭേദമോ മറ്റൊരു വിവേചനമോ കൂടാതെ എല്ലാ മേഖലയിലുള്ള സ്ത്രീകളും രാത്രി നടത്തത്തിനെത്തിയിരുന്നു. തങ്ങളുടെ വളരെ കാലത്തേയുള്ള മോഹമാണ് ഇതിലൂടെ സാക്ഷാത്ക്കരിച്ചതെന്നാണ് പല സ്ത്രീകളും അഭിപ്രായപ്പെട്ടത്.
രാത്രി നടത്തം വലിയ വിജയമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിച്ചു. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ‘സധൈര്യം മുന്നോട്ട്’ എന്ന പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാമ്പയിന്‍ സംഘടിപ്പിച്ചത്. ഈ രണ്ട് ലക്ഷ്യങ്ങളും വിജയിക്കുന്ന സൂചനകളാണ് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കുന്നത്. അതിനാല്‍ തന്നെ ഈ കാമ്പയിന്‍ തുടരുന്നതാണ്. ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കും. ഇനി അറിയിക്കാതെയും രാത്രിനടത്തം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് വന്‍ വിജയമാക്കിയ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറയുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം നടന്ന രാത്രി നടത്തത്തില്‍ പങ്കെടുത്തത്. 250 ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തൃശൂരിലാണ് ഏറ്റവും അധികം പേര്‍ നടന്നത്. 47 സ്ഥലങ്ങളിലായി 1020 സ്ത്രീകളാണ് തൃശൂരില്‍ നടന്നത്. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസര്‍ഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയില്‍ 23 സ്ഥലങ്ങളിലായി 576, കണ്ണൂരില്‍ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകള്‍ രാത്രി നടന്നത്. ബാക്കി ജില്ലകളില്‍ 500ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.
പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും വനിതാ സംഘടനകളുടേയും വോളന്റിയര്‍മാരുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് 5 പേര്‍ മാത്രമാണ്. അതില്‍ തന്നെ കേസെടുക്കേണ്ടി വന്നത് രണ്ടെണ്ണത്തില്‍ മാത്രം. കോട്ടയത്ത് മൂന്നും കാസര്‍ഗോഡ് രണ്ടും തിരുവനന്തപുരത്ത് ഒന്നും സംഭവങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ അകലം പാലിച്ച് നടന്നു പോയ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആളെയാണ് പിടികൂടിയത്. കൈയ്യിലുണ്ടായിരുന്ന വിസില്‍ ഊതിയതോടെ എല്ലാവരും ഓടിയെത്തി ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാസര്‍ഗോഡ് പുറകേ നടന്ന് ശല്യം ചെയ്തയാളേയും പിടികൂടി പോലീസിലേല്‍പ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസര്‍ഗോഡ് ഒരാള്‍ കാറില്‍ ചേസ് ചെയ്യുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്.
മാര്‍ച്ച് 8 വരെ തുടര്‍ച്ചയായി രാത്രി നടത്തം ഉണ്ടായിരിക്കുന്നതാണ്. അടുത്തഘട്ടത്തില്‍ ഇപ്രകാരം സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടുന്നതാണ്.
Post Your Comments