മോസ്കോ: ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ. ശബ്ദത്തേക്കാൾ 27 മടങ്ങ് വേഗത്തിൽ ഈ ആണവായുധത്തിന് സഞ്ചരിക്കാൻ കഴിയും. മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടികൊടുക്കാത്ത മുന്നേറ്റമാണ് അവെൻഗാർഡ് മിസൈലുകൾ റഷ്യയ്ക്കു സമ്മാനിക്കുക. ഇത്തം ഹൈപർസോണിക് മിസൈലുകള്‍ സ്വന്തമായ ആദ്യ രാജ്യമാണു റഷ്യ. രാജ്യം വികസിപ്പിച്ചെടുത്ത അവെൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡുമായി ചേർത്ത മിസൈൽ യൂണിറ്റ് പരീക്ഷണങ്ങളെല്ലാം വിജയകരമാണെന്നും യുദ്ധസജ്ജമായെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്മേലാണ് അവെൻഗാർഡ് ആണവ പോർമുന ഘടിപ്പിച്ചത്.
റഷ്യയുടെ ഒപ്പമെത്തില്ലെങ്കിലും സമാനമായ ആയുധം ചൈനയുടെ കയ്യിലുള്ളതും യുഎസിനെ അലട്ടുന്നുണ്ട്. റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനം യുഎസ് വികസിപ്പിച്ചെടുക്കുന്നതിനിടെയാണ് ആർക്കും തടുക്കാനാകാത്ത ആയുധമെന്ന വിശേഷണവുമായി റഷ്യ അവെൻഗാർഡുമായെത്തുന്നത്. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം അയച്ച റഷ്യൻ നടപടിക്കു തുല്യമായാണ് അവെൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ വിന്യാസത്തെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വിശേഷിപ്പിച്ചത്.
പരമ്പരാഗതമായ മിസൈലുകൾ വിക്ഷേപിച്ചാൽ അവയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര കൃത്യമായ പാത പിന്തുടർന്നായിരിക്കും. അതിനാൽത്തന്നെ വിവിധ രാജ്യങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് അതു തിരിച്ചറിഞ്ഞ് തകർക്കാനുമാകും. എന്നാൽ വിക്ഷേപണത്തിനു ശേഷം അന്തരീക്ഷത്തിൽവച്ച് അസാധാരണമാംവിധം യാത്രാപാതയിൽ നിന്നു തെന്നിമാറാന്‍ സാധിക്കുന്നവയാണ് അവെൻഗാർഡ് ആയുധങ്ങൾ. ഇക്കാരണത്താൽത്തന്നെ ഇതിന്റെ ലക്ഷ്യം തിരിച്ചറിയുക ഏറെക്കുറെ അസാധ്യവും.
Post Your Comments