തിരുവനന്തപുരം•സഹപാഠികൾ തുടർച്ചയായി ക്ലാസിൽ നിന്ന് വിട്ടു നിന്നതിന് പിന്നിലെ കാരണങ്ങൾ തേടിപ്പോയ ആറാം ക്ലാസുകാരി ദക്ഷിണ, രാജ്യത്തിന് സമ്മാനിക്കുന്നത് ജലശുദ്ധീകരണത്തിനുള്ള പുത്തൻ ആശയമാണ്. കുടിവെള്ളത്തിനായി ഏവരും ആശ്രയിക്കുന്ന ഭൂഗർഭ ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള ഹെർബൽകൂട്ടാണ് കൂട്ടിശാസ്ത്രജ്ഞ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
കൊല്ലം പുത്തൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളിൽ പലരും പനിയും വയറിളക്കവും ബാധിച്ച് തുടർച്ചായി ക്ലാസിൽ എത്തിയിരുന്നില്ല. ഒരു വാർഡിൽ നിന്നെത്തുന്ന കുട്ടികളാണ് ഇത്തരത്തിൽ അസുഖബാധിതരായത്. ഇതിന് പിന്നിലെ കാരണങ്ങൾ തേടിയ ദക്ഷിണ, ശാസ്ത്ര അധ്യാപികയായ രമ്യടീച്ചറിന്റെ സഹായത്തോടെ ഇതെക്കുറിച്ച് പഠനം നടത്തി. പഠനത്തിൽ വീടുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തിൽ ഇ-കോളി ബാക്ടീരിയ കൂടിയ തോതിലാണെന്ന് കണ്ടെത്തി.
പഠനവിധേയമാക്കിയ ഭൂഗർഭ ജലം ക്ലോറിനേഷൻ നടത്തിയിട്ടും ശുദ്ധമായില്ലെന്ന് കണ്ടെത്തി. തുടർന്ന് ജലം ശുദ്ധീകരിക്കാൻ പ്രകൃതിദത്തമായ മാർഗമാണ് മികച്ചതെന്ന് കണ്ടെത്തിയ ദക്ഷിണ, ഇതിനായി ഹെർബൽകൂട്ട് കണ്ടെത്തി. രാമച്ചം, തുളസി, ആര്യവേപ്പ്, നെല്ലിക്ക, കടുക്ക, മല്ലിയില എന്നിവ വിവിധ തട്ടുകളിൽ വിന്യസിച്ച് ജലം അതിലൂടെ കടത്തിവിടുന്നതാണ് ശുദ്ധീകരണ പ്രക്രിയ. ഇതുവഴി ജലം 100 ശതമാനവും ശുദ്ധമാകുമെന്ന് ലാബ് റിപ്പോർട്ടുകൾകാട്ടി ദക്ഷിണ സ്ഥാപിക്കുന്നു. ദക്ഷിണയുടെ ഇത് സംബന്ധിച്ച പ്രബന്ധാവതരണം ബാലശാസ്ത്ര കോൺഗ്രസിൽ നാളെ നടക്കും.
Post Your Comments