വലയ സൂര്യഗ്രഹണം തുടങ്ങി. ഒരു മനുഷ്യായുസില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വലയ സൂര്യഗ്രഹണം കാണുവാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ഇനി 2031 വരെ കാത്തിരിക്കേണ്ടി വരും.
ദീര്‍ഘവൃത്താകൃതിയിലാണ് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത്. അത് കൊണ്ട് തന്നെ ഭൂമിയില്‍ നിന്ന ചന്ദ്രനിലേക്കുള്ള ദൂരം ഭ്രമണത്തിനിടെ കൂടുകയും കുറയുകയും ചെയ്യും. ഇതിന് അനുസൃതമായി ഭൂമിയില്‍ നിന്ന് നോക്കുന്ന ആള്‍ക്ക് ചന്ദ്രന്റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയത്താണ് ഗ്രഹണമെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല. ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം.
സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബര്‍ 26ന് ഗ്രഹണം കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂവ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും. ധാരാളം അന്ധവിശ്വാസങ്ങളും, കപടശാസ്ത്രധാരണകളും സൂര്യഗ്രഹണത്തെ പറ്റി പ്രചാരത്തിലുണ്ടെങ്കിലും ഇവയൊന്നും കാര്യമാക്കാതെ ആഘോഷമാക്കേണ്ടതാണ് ഈ അപൂര്‍വ്വ പ്രതിഭാസം.
ഒരു മനുഷ്യായുസില്‍ സുര്യഗ്രഹണം നിരീക്ഷിക്കാന്‍ കഴിയുക വല്ലപ്പോഴുമാണ്, എങ്കിലും ഗ്രഹണവുമായി ബന്ധപ്പെട്ട് ഈ 21ആം നൂറ്റാണ്ടിലും ധാരാളം അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത് കൊണ്ടോ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ യാതൊരു വിധയ പ്രശ്‌നവുമില്ല.
ഗ്രഹണസമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ഹാനിവരുത്തുമെന്നാണ് പുറത്തിറങ്ങാതിരിക്കാന്‍ ചിലര്‍ പറയുന്ന കാരണം. എന്നാല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എല്ലാ സമയത്തും ഭൂമിയിലേക്കെത്തുന്നുണ്ടെന്നതിനാല്‍ ആ പേടി വേണ്ടേ വേണ്ട. ഗ്രഹണസമയത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ അന്തരീക്ഷത്തില്‍ അണുക്കള്‍ പെറ്റുപെരുകുമെന്നും ഇത് ഭക്ഷണത്തിലും ജലസ്രോതസ്സുകളിലും കലരുമെന്നും പറയുന്നവരുണ്ട്. സൂര്യനസ്തമിച്ച് കഴിഞ്ഞ് രാത്രിയില്‍ ഉണ്ടാകാത്ത ഒരു അണുവും ഗ്രഹണസമയത്ത് ഉണ്ടാകില്ല.
ഗ്രഹണസമയത്ത് മൃഗങ്ങളുടെ സ്വഭാവം മാറുമെന്ന് പറയുന്നതില്‍ അല്‍പം കാര്യമുണ്ട്. മനുഷ്യനോളം ചിന്താശേഷിയില്ലാത്ത ജീവികള്‍ക്ക് ഗ്രഹണമെന്തെന്ന് മനസിലാക്കാന്‍ ആവാത്തതിനാല്‍ പകല്‍ സമയത്ത് പെട്ടന്ന് ഇരുട്ട് പരക്കുന്നത് അവയെ അസ്വസ്ഥരാക്കിയേക്കാം. ഇതിനപ്പുറം ഈ പറഞ്ഞ അന്ധവിശ്വാസങ്ങളില്‍ കഴമ്പൊന്നുമില്ല.
Post Your Comments