ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും പോളിയോ മാർക്കറുകൾ നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു. പോളിയോ ഇപ്പോഴും നിലനിൽക്കുന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. പോളിയോ വാക്സിൻ നൽകിയ ശേഷം കുട്ടികളുടെ വിരലുകളിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മാർക്കറുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവുമുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ആഗസ്റ്റ് 9 ന് ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധവും നിർത്തിവയ്ക്കാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചിരുന്നു . എന്നാൽ ധാരാളം മരുന്നുകളും അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽ നിന്നാണ് പാകിസ്താൻ ഇറക്കുമതി ചെയ്തിരുന്നത്.
അതുകൊണ്ട് തന്നെ വ്യാപാര ബന്ധത്തിൽ നിയന്ത്രണം കൊണ്ടു വന്നതോടെ സാധാരണ ജനങ്ങൾ ഏറെ വലഞ്ഞു. ജീവൻ രക്ഷാ മരുന്നുകൾ പോലും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ആ തീരുമാനം. തുടർന്നാണ് ഔഷധങ്ങൾക്കുള്ള വിലക്ക് നീക്കുകയാണെന്ന് പാകിസ്താൻ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോളിയോ മാർക്കറുകൾ ആവശ്യമായി വന്നിരിക്കുന്നത്. പോളിയോ നൽകിയ ശേഷം വിരലിൽ പുരട്ടുന്ന മഷി കുട്ടികളുടെ ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യത ഉള്ളതിനാൽ വിഷരഹിതമായ മാർക്കറുകൾ ആവശ്യമാണെന്ന് പാകിസ്താന്റെ പോളിയോ ഫോർ എമർജൻസി ഓപ്പറേഷൻ സെന്റർ ദേശീയ കോർഡിനേറ്റർ ഡോ. റാണ സഫ്ദാർ പറഞ്ഞു.
Post Your Comments