തിരുവനന്തപുരം : എന്‍സിപിയില്‍ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നിലവില്‍ ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാക്കി പാല എംഎല്‍എ മാണി സി. കാപ്പന് മന്ത്രിസ്ഥാനം നൽകുമെന്ന് സൂചന. പീതാംബരനെ താല്ക്കാലിക അധ്യക്ഷനാക്കി പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണി എന്‍സിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ട്.
Also read : പൗരത്വ നിയമ ഭേദഗതിക്കെതിരെ ആർട്ട് അറ്റാക്ക്
ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം. ഫെബ്രുവരി മാസത്തോടെ മാണി സി.കാപ്പനെ മന്ത്രിസഭയിലേക്ക് എത്തിക്കാനുള്ള സാധ്യത ഇടതുമുന്നണി നൽകുന്നു. ഫെബ്രുവരിയോടെ മാത്രമേ അഴിച്ചുപണി പാര്‍ട്ടിയും ലക്ഷ്യമിടുന്നൊള്ളൂ. അധ്യക്ഷനാകണം എന്ന് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ശശീന്ദ്രന്‍ ഇപ്പോള്‍ മന്ത്രി സ്ഥാനം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ലെന്നാണ് വിവരം. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയാൽ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രന്‍ രണ്ടാം വട്ടവും മന്ത്രിയായത്.
പാലായില്‍ മിന്നുന്ന വിജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും സൂചനയുണ്ട്. മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിൽ ഇടതുമുന്നണിക്കും അനുകൂല നിലപാടാണ്. ഇതിന്റെ ഗുണം വരുന്ന തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എങ്കിൽ ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായേക്കും.
Post Your Comments