ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ അക്രമത്തിന്റെ മാർഗം സ്വീകരിച്ച ആളുകൾ വീട്ടിലിരിക്കുന്പോൾ, അവർ ചെയ്ത കാര്യങ്ങൾ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്നോവിൽ നിർദിഷ്ട അടൽ ബിഹാരി വാജ്പേയ് മെഡിക്കൽ കോളജിന്റെ ശിലാന്യാസ ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. കുട്ടികളുടേത് ഉൾപ്പെടെയുള്ളവരുടെ പൊതുമുതലും ബസുകളുമാണ് അവർ നശിപ്പിച്ചത്. സമാധാനപരമായ അന്തരീക്ഷം അവകാശമാണ് എന്നു ചിന്തിക്കുന്നവർ, ക്രമസമാധാനപാലനത്തെ ആദരിക്കാനുള്ള ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ട്. നമ്മുടെ സുരക്ഷയ്ക്കു ക്രമസമാധാനപാലന ചുമതല വഹിക്കുന്നവർ ആവശ്യമാണ് എന്ന് ഉൾക്കൊള്ളാൻ ശ്രമിക്കണമെന്നും ഇക്കാര്യത്തിൽ ഉത്തർപ്രദേശ് പോലീസ് ചെയ്യുന്നതാണു ശരിയെന്നും നരേന്ദ്രമോദി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്നും, അത് താൻ ഉറപ്പ് നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
രാജ്യം മുഴുവന്‍ എന്‍.ആര്.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്‍.ആര്.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ചനടത്തയിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍സിക്ക് വേണ്ടിയല്ല എന്‍.പി.ആര് വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണെന്നും കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Post Your Comments