ബംഗളൂരു: പൗരത്വ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് തടങ്കൽ പാളയങ്ങളുടെ പണി പൂർത്തിയാകുന്നു, ബംഗളൂരുവിലെ നെലമംഗലയിലാണ് കർണാടകത്തിന്‍റെ തടങ്കൽ പാളയം. പിന്നോക്ക വിദ്യർത്ഥികൾക്കായി നിർമിച്ച് ഹോസ്റ്റലാണ് തടവറയായി മാറ്റിയത്. ഹോസ്റ്റൽ തടവറയാക്കുന്നതിനുള്ള നിർമാണപ്രവൃത്തികൾ ആറുമാസം മുമ്പ് ആരംഭിച്ചിരുന്നു. പത്ത് മീറ്റർ ഉയരത്തിലുള്ള ചുറ്റുമതിലും മുന്നിൽ രണ്ട് നിരീക്ഷണ ടവറും നിർമിച്ചിട്ടുണ്ട്. ജയിലിന് സമാനമായ രൂപമാണ് കെട്ടിടത്തിനുള്ളത്.
25 പേരെ പാർപ്പിക്കാനുള്ള സൗകര്യം കേന്ദ്രത്തിന് ഉണ്ടെ്. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെയാണ് ഇവിടെ പാർപ്പിക്കുക. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ കേന്ദ്രവുമാണിത്. നിർമാണം പൂർത്തിയായ സാഹചര്യത്തിൽ കെട്ടിടത്തിന്റെ ചുമതല ബെംഗളൂരു പോലീസ് ഏറ്റെടുക്കും. ബെംഗളൂരുവിലെ ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇവർക്കായി അഭയകേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞവർഷം സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രം ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.
വിസ കാലാവധി കഴിഞ്ഞ് നഗരത്തിൽ തങ്ങുന്ന 866 വിദേശികൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 59 ബംഗ്ലാദേശികളെ നാടുകടത്തുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാൽ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ ഇവരെ തടവുകേന്ദ്രത്തിൽ താമസിപ്പിക്കും. കേന്ദ്ര ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് തടവുകേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. പിടിക്കപ്പെടുന്ന കുടുംബാംഗങ്ങളെ ഒന്നിച്ച് പാർപ്പിക്കണമെന്ന നിർദേശവുമുണ്ട്.
എന്നാൽ ബെംഗളൂരുവിലേത് തടവുകേന്ദ്രമല്ലെന്നും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രമാണെന്നുമാണ് ആഭ്യന്തരമന്ത്രി പറയുന്നത്. പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ടവർക്കായല്ല കേന്ദ്രം. ഇത് തടവുകേന്ദ്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്നും അദ്ദേഹം പറഞ്ഞു.
Post Your Comments