കൊച്ചി: എംജി യൂണിവേഴ്സിറ്റിയിലെ മാർക്ക് ദാന വിവാദത്തിന് പിന്നാലെ കാലടി സംസ്കൃത സർവകലാശാലയിലും പിഎച്ച്ഡി പ്രവേശനത്തിൽ തട്ടിപ്പ് നടന്നതായി പരാതി. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർത്ഥിക്ക് പിഎച്ച്ഡിയിൽ പ്രവേശനം ലഭിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിർലാണ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥിനിക്ക് നാലാം റാങ്ക് ലഭിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്തതിനാൽ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ പട്ടികയിൽ വിദ്യാർത്ഥിനിയുടെ പേര് ഇല്ലായിരുന്നു. എന്നാൽ, രണ്ടാം ഘട്ടത്തിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ വിദ്യാർത്ഥിനി ഇടം പിടിക്കുകയായിരുന്നു. ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസ്സോസിയേഷൻ വിഷയം ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകി.
പ്രഥമിക അന്വേഷണം നടത്തിയപ്പോൾ റാങ്ക് ലിസ്റ്റിലുള്ള കുട്ടിക്ക് ജെആര്‍എഫ് ഉണ്ടെന്നാണ് ഇംഗ്ലീഷ് വിഭാഗം മേധാവി പറയുന്നത്. ജെആർഎഫ് ഉണ്ടായിരുന്നെങ്കിൽ ആദ്യ ലിസ്റ്റിൽ പേര് വരേണ്ടതായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. വൈസ് ചാൻസിലർ അന്വേഷണം നടത്തി നടപടി എടുത്തില്ലെങ്കിൽ സമരം തുടങ്ങുമെന്ന് എകെആര്‍എസ്എ അറിയിച്ചു.
Post Your Comments