പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർദ്ധിച്ചതോടെ പത്തനംതിട്ടയിലും എരുമേലിയിലുമായി തീർർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞവർ ഇറങ്ങുന്നതിന് അനുസരിച്ച് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂവെന്നും തീർത്ഥാടകർ മരുന്നുൾപ്പെടെ കരുതണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. 26 ന് തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ നിന്ന് പുറപ്പെടുന്നതോടെ തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പ്രവേശനം തടയും.
Also read : മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്താനുള്ള സമയക്രമം തീരുമാനിച്ചു
രണ്ട് ദിവസം കൊണ്ട് മലകയറിയ തീർത്ഥാടരുടെ എണ്ണം രണ്ട് ലക്ഷത്തോളമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. തീർത്ഥാടക വാഹനങ്ങൾ പ്രധാന ഇടത്താവളങ്ങളിൽ പാർക്ക് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണം ബാധകമാണ്. ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ പത്തനംതിട്ട നിന്ന് നിലക്കൽ എത്താൻ 4 മുതൽ 4.30 വരെ മണിക്കൂർ സമയമെടുക്കുന്നു. സാധാരണ ഗതിയിൽ ഒന്നര മണിക്കൂർ മതിയാകും. എരുമേലി ഇലവുങ്കൽ പാതയിലെയും സ്ഥിതി സമാനമാണ്. അതേസമയം ഇടത്താവളങ്ങളിൽ കുടിവെള്ളത്തിനും ഭക്ഷണത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നാണ് തീർത്ഥാടകരുടെ പരാതി.
Post Your Comments