തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ സിനിമാ സാംസ്കാരിക പ്രവര്‍ത്തകരെ വിമര്‍ശിച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ. അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നും ഞങ്ങൾ ഈ നാട്ടിലെ പൗരൻമാരാണെന്നും കമൽ പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു. സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ ? സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്നും കമൽ ചോദിച്ചു. പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ് കുറെ നാളായി തുടങ്ങിയിട്ടെന്നും ഇത്തരം കാര്യങ്ങൾ കുമ്മനം രാജശേഖരനെ പോലുള്ളവര്‍ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതിയെന്നും കമൽ വ്യകത്മാക്കി.
സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണ് . രാജ്യസ്‌നേഹമില്ലാത്തവരാണ് സമരത്തിനിറങ്ങുന്നതെന്നും, നിയമ ഭേഗദതി എന്തെന്ന് നോക്കാതെയാണ് പ്രതിഷേധമെന്നുമായിരുന്നു കുമ്മനത്തിന്റെ വിമർശനം. അതോടൊപ്പം തന്നെ യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യരും സിനിമാ താരങ്ങളെ വിമർശിച്ച് രംഗത്തെത്തി. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ചും നടിമാര്‍ ആദായനികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയ പകവീട്ടല്‍ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Post Your Comments