തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുകൂല നിലപാടിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പദവി അനുസരിച്ചുള്ള മാന്യത ഉണ്ടാകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാൽ ഗവര്‍ണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്നു തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ മുരളീധരൻ പറഞ്ഞു.
വൈകിട്ട് നടക്കുന്ന കെ കരുണാകരൻ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് വളരെനാൾ മുമ്പാണ് ഗവര്‍ണറെ ക്ഷണിച്ചത്. പുതിയ സാഹചര്യത്തിൽ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ആദ്യം മുതലെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസവും നിലപാട് ആവർത്തിച്ചിരുന്നു. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നല്‍കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നു ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ യുഡിഎഫ് എൽഡിഎഫ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി.
Post Your Comments