KeralaLatest NewsNews

വിജയനും കുടുംബവും രക്ഷകരായി: രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമായി- സുരേഷ് ഗോപി എംപിയുടെ സാന്നിധ്യത്തില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി

പള്ളിക്കത്തോട്(കോട്ടയം)•പടുത വലിച്ചു കെട്ടിയ ദുരിത ജീവിതത്തില്‍ നിന്നും രണ്ട് കുടുംബങ്ങള്‍ മോചിതാരാവുകയാണ്. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നൂലാമാലകളില്‍പ്പെട്ട് അടച്ചുറുപ്പുള്ള വീടെന്ന സ്വപ്‌നം പൊലിഞ്ഞപ്പോള്‍ കാരുണ്യം വറ്റാത്ത മനസുമായി പള്ളിക്കത്തോട് കദളിമറ്റത്തില്‍ കെ.എന്‍.വിജയനും ഭാര്യ ബീനയും അവര്‍ക്ക് സഹായ ഹസ്തം നീട്ടി. ഇവരുടെ ഒരേക്കര്‍ സ്ഥലത്ത് നിന്ന് രണ്ട് കുടുംബങ്ങള്‍ക്കും വീട് വയ്ക്കാന്‍ മൂന്ന് സെന്റ് സ്ഥലം വീതം സൗജന്യമായി നല്‍കി. ചങ്ങനാശ്ശേരി സ്വദേശി റിനു ഷിജു തെക്കോമംഗലം, പള്ളിക്കത്തോട് സ്വദേശി ശ്രീജ സുനില്‍ എന്നിവര്‍ക്കാണ് വീടുവെക്കാന്‍ ഭൂമി നല്‍കിയത്. കാരുണ്യത്തെ നെഞ്ചിലേറ്റുന്ന ബിജെപി എംപി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ വിജയനും ഭാര്യ ബീനയും ചേര്‍ന്ന് ഭൂമിയുടെ രേഖകള്‍ കൈമാറി. പളളിക്കത്തോട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ വച്ചാണ് രേഖകളുടെ കൈമാറ്റം നടന്നത്.

സ്ഥലം ലഭിച്ച റിനുവും മൂന്ന് പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബവും പടുത വലിച്ച് കെട്ടിയ കുടിലില്‍ ആയിരുന്നു താമസിക്കുന്നത്. അമ്മാവന്റെ പേരിലുള്ള സ്ഥലത്തായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു. തുടര്‍ന്ന് സഹായത്തിനായി കളക്ടട്രേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മാവന്‍ മരിച്ചുപോയതിനാല്‍ സ്ഥലത്തിന്റെ രേഖകള്‍ ഇവരുടെ പക്കല്‍ ഇല്ലായിരുന്നു. ആവശ്യമായ രേഖകളൊന്നും ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സഹായം നിഷേധിച്ചു. ഇവരുടെ നിസാഹായത അറിഞ്ഞാണ് വിജയന്‍ തന്റെ ഒരു ഏക്കര്‍ ഭൂമിയില്‍ നിന്നും ഇവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്. ഭാര്യ ബീനയോടും മക്കളോടും വിവരം പറഞ്ഞപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ചു. റിനുവിന്റെ ഭര്‍ത്താവ് ഷിജു ബിഎംഎസ് യൂണിയന്റെ കീഴില്‍ കൂലിപ്പണി ചെയ്യുകയാണ്. സ്ഥലം ലഭിച്ച രണ്ടാമത്തെ കുടുംബം പള്ളിക്കത്തോട് സ്വദേശിയായ ശ്രീജ സുനിലിനാണ്. രണ്ടുകുട്ടികളുള്ള ഈ കുടുംബം വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ്. ശ്രീജയുടെ ഭര്‍ത്താവും കൂലിപ്പണിക്കാരനാണ്. വെട്ടിപ്പിടിക്കാനും അതിരുമാന്താനും നില്‍ക്കുന്ന ഒരു സമൂഹത്തില്‍ വിജയനും കുടുംബവും വേറിട്ടുനില്‍ക്കുന്നു. മറ്റുള്ളവരുടെ കണ്ണീരുകാണുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. അദ്ദേഹത്തിന്റെ ഭാര്യ ബീന പറയുന്നു രണ്ടോമൂന്നോ കുടുംബങ്ങള്‍ക്ക് കൂടി സ്ഥലം കൊടുത്തോ എന്ന്. ഈ വലിയമനസിന്റെ മുമ്പില്‍ ജനാരവും തൊഴുകയ്യോടെ നിന്നു. കോണ്‍ട്രാക്ടറായ കെ.എന്‍. വിജയന് രണ്ടുകുട്ടികളാണ്. അഞ്ചിമയും വിഷണുവും. അഞ്ചിമ വിവാഹിതയാണ്. വിഷ്ണു ഡിഗ്രിക്ക് പഠിക്കുന്നു. ബിജെപി നേതാക്കളായ ജി.രാമന്‍ നായര്‍, ജെ.പ്രമീള ദേവി, എന്‍.ഹരി, നോബിള്‍ മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കെ.വി.ഹരിദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button