Kerala

തൊഴിൽശേഷി വർധിപ്പിക്കാനുള്ള അവസരങ്ങൾ യുവത ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യുവതയുടെ തൊഴിൽശേഷി വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘അസാപ്’ ബഹുഭാഷാ പരിശീലന കേന്ദ്രത്തിന്റെയും കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസിന്റെയും ഉദ്ഘാടനം കാട്ടായിക്കോണം സെന്റ് തോമസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഏതുമേഖലയിലെത്തിയാലും പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. യുവാക്കളുടെ തൊഴിൽശേഷി മെച്ചപ്പെടുകയാണ് പ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ഏതു തൊഴിൽമേഖലയിലും പരിഷ്‌കൃതസമൂഹത്തിൽ ചെറിയതോതിലെങ്കിലുമുള്ള പരിശീലനം അത്യാവശ്യമാണ്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാനും അവർക്ക് തൊഴിൽ ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകണം.

പരിശീലനകേന്ദ്രങ്ങൾ എല്ലാ വിഭാഗത്തെയും കണ്ടുകൊണ്ട് വികസിക്കണം. വിദ്യാഭ്യാസം കഴിഞ്ഞാൽ രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതയുള്ളിടത്തുള്ള ഭാഷ അറിഞ്ഞിരിക്കണം. അത്യാവശ്യം ഇംഗ്ളിഷിൽ ആശയവിനിമയം നടത്താനാകുമെങ്കിലും സംസാരവൈഭവം ഉണ്ടാകണമെന്നില്ല. അതു ജോലിതേടി അഭിമുഖങ്ങൾക്ക് പോകുമ്പോൾ തന്നെ തൊഴിലന്വേഷകർക്ക് പ്രയാസമുണ്ടാകുന്ന കാര്യമാണ്. ഇംഗ്ളിഷ് മാത്രം പഠിച്ചാൽ എല്ലാ വികസിത രാജ്യങ്ങളിലും ജോലിനേടാനാകണമെന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോൾ ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷകളുടെ പഠനം ‘അസാപ്’ വഴി ആരംഭിക്കുന്നത്.
മറ്റു ജോലി സാധ്യതയുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞ് ഭാഷാപഠന സൗകര്യം ഏർപ്പെടുത്താനുള്ള തുടർപ്രവർത്തനങ്ങൾ ‘അസാപ്’ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒൻപതു സ്‌കിൽ പാർക്കുകൾ പൂർത്തിയായിട്ടുണ്ട്. കിൻഫ്രയിലും വിഴിഞ്ഞത്തുമുൾപ്പെടെ ഏഴെണ്ണം കൂടി പൂർത്തിയാകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറിവിനൊപ്പം തൊഴിൽപരിശീലനം കൂടി നൽകാനാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സൗകര്യമൊരുക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. മികച്ച ഓപ്പറേറ്റിംഗ് പാർട്ട്ണർമാർ കൂടുതൽ കടന്നുവരുന്നത് ശുഭസൂചനയാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്കും തൊഴിൽ നൈപുണ്യം നൽകാനായാൽ അവരുടെ സേവനവും മുതൽകൂട്ടാകും എന്ന നിലയിൽ അവർക്കും പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ചലച്ചിത്ര സാങ്കേതിക മേഖലകളിൽ കോഴ്സുകൾ ചെയ്യുന്നതിനുള്ള അവസരവും കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ സർക്കാർ ഒരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button