ആലപ്പുഴ: പൗരത്വനിയമഭേദഗതിയെ കുറിച്ച് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍. അഞ്ച് സംസ്ഥാനങ്ങള്‍ ഉറപ്പായും നിയമം നടപ്പിലാക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങളെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങും. അവസാനത്തെ കോണ്‍ഗ്രസുകാരനും മരിച്ചുവീഴുന്നതുവരെ പൗരത്വനിയമഭേദഗതിക്കെതിരേ പോരാട്ടം തുടരും. യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേര്‍ന്നുള്ള പോരാട്ടമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. സംസ്ഥാനത്തെ കാര്യങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴ ബി.എസ്.എന്‍.എല്‍. ഓഫീസിനുമുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഭരണഘടനാസംരക്ഷണ സമരം ഉദ്ഘാടനംചെയ്ത കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ 78 പേരെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.
Post Your Comments