ഇസ്‌ലാമാബാദ്: പാക്ക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ തൂക്കിക്കൊല്ലാനുള്ള നീക്കത്തിൽ പാക്ക് പട്ടാളവും ജുഡീഷ്യറിയും തമ്മിലുള്ള പോര് മുറുകുന്നു. മുഷറഫിനെ തൂക്കിക്കൊല്ലാനുള്ള പ്രത്യേക കോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയ സൈന്യത്തെ വിമർശിച്ച് പാക്കിസ്ഥാൻ അഭിഭാഷക സംഘടന. നിയമപരവും ഭരണഘടനാപരവുമായ തത്വങ്ങളുടെ തുറന്ന ലംഘനമാണ് സൈന്യം നടത്തുന്നതെന്നും ഇതു കോടതിയലക്ഷ്യമാണെന്നും പാക്ക് ബാർ കൗൺസിൽ വിമർശിച്ചു.
167 പേജുള്ള വിധിന്യായത്തിലെ പരാമർശങ്ങൾ പാക്ക് പട്ടാളത്തെ രോഷം കൊള്ളിച്ചു. സൈന്യത്തെ പിന്തുണച്ച ഇമ്രാൻ ഖാൻ സർക്കാർ, ‘മാനസികാരോഗ്യം തകരാറിലായ’ ജഡ്ജിയെ നീക്കംചെയ്യണമെന്ന ആവശ്യവുമായി സുപ്രീം ജൂഡീഷ്യൽ കൗൺസിലിനെ സമീപിക്കാനും തീരുമാനിച്ചു. പെഷാവർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേത്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് മുഷറഫിനെ തൂക്കിക്കൊല്ലാൻ കഴിഞ്ഞ ചൊവ്വാഴ്ച വിധിച്ചത്. വിധി നടപ്പിലാക്കുന്നതിനു മുൻപു മരിച്ചാലും മുൻ പ്രസിഡന്റിനെ പൊതുസ്ഥലത്തു കെട്ടിത്തൂക്കണമെന്നും ജസ്റ്റിസ് സേത്ത് വിധിച്ചു.
പ്രധാനമന്ത്രി ഇമ്രാൻ ഖാനും കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും വിശദമായ കൂടിക്കാഴ്ച നടത്തിയെന്നും ചില സുപ്രധാന തീരുമാനങ്ങളെടുത്തെന്നും സൈനിക വക്താവ് അറിയിച്ചു. ഇതു താമസിയാതെ പ്രഖ്യാപിക്കും.എന്നാൽ, സർക്കാർ അടക്കം രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സൈന്യത്തിനു വിധേയമാണെന്ന തോന്നലുണ്ടാക്കുന്ന രീതിയാണിതെന്നു ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി. വിധിയിൽ പിഴവുണ്ടെങ്കിൽ അപ്പീലിനു പോകുകയാണു വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്നലെ സ്ഥാനമൊഴിഞ്ഞ പാക്കിസ്ഥാൻ ചീഫ് ജസ്റ്റിസ് അസിഫ് സായിദ് ഖോസ, മുഷറഫ് വധശിക്ഷാവിധിയുടെ പേരിൽ തനിക്കെതിരെയും ജുഡീഷ്യറിക്കെതിരെയും ചിലർ ‘വിദ്വേഷ പ്രചാരണം’ നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. ‘ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഞങ്ങളുടെ അധികാരപരിധി ഞങ്ങൾക്കറിയാം’–യാത്രയയപ്പ് യോഗത്തിൽ ഖോസ പറഞ്ഞു. മുഷറഫിനെതിരായ വിധി സംബന്ധിച്ചു ചീഫ് ജസ്റ്റിസിന് അറിവുണ്ടായിരുന്നുവെന്നാണ് ഇമ്രാൻ ഖാൻ സർക്കാരിന്റെ വിമർശനം. പുതിയ ചീഫ് ജസ്റ്റിസ് ഗുൽസാൽ അഹമ്മദ് ഇന്നു ചുമതലയേൽക്കും.
Post Your Comments