കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണം സംഘം. റോയ് തോമസ് വധക്കേസില്‍ ജോളിയെ ഒന്നാം പ്രതിയും എം എസ് മാത്യുവിനെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം തയാറാകുന്നത്. മാത്യുവിനെ മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനത്തില്‍ നിന്നും അന്വേഷണസംഘം പിന്‍മാറിയതായാണ് സൂചന.
ആറുപേരെയും കൊലപ്പെടുത്താനുള്ള സയനൈഡ് ജോളിയ്ക്ക് നല്‍കിയത് എം എസ് മാത്യുവാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ മാത്യു നൽകിയ രഹസ്യമൊഴി അനുകൂലമല്ലാത്തതിനാലാണ് മാപ്പ് സാക്ഷിയാക്കാനുള്ള നീക്കത്തിൽ നിന്നും പിന്‍മാറാൻ കാരണമെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മജിസ്‌ട്രേറ്റിനുമുന്നിലെ രഹസ്യമൊഴിയില്‍ കുറ്റം ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ മാത്യു നല്‍കിയ മൊഴി അനുകൂലമല്ലെന്ന വിവരത്തെത്തുടര്‍ന്നാണ് അയാളെ രണ്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം നല്‍കുന്നത്. അന്വേഷണ സംഘത്തലവനായ വടകര റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് കുറ്റപത്രം പെട്ടെന്ന് സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായതെന്നാണ് വിവരം. ജോളിയെയും മാത്യുവിനെയു കൂടാതെ സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍, സിപിഎം നേതാവായിരുന്ന കെ മനോജ് എന്നിവരും റിമാന്‍ഡിലാണ്.
Post Your Comments