പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ പ്രതിപക്ഷ കക്ഷികളും ചില മതന്യൂനപക്ഷ മൗലികവാദ സംഘടനകളും തുടങ്ങിയ കുപ്രചരണം നേരിടാൻ വ്യാപകമായ പദ്ധതിയുമായി ബിജെപി രംഗത്തെത്തുന്നു. രാജ്യമെമ്പാടും ഗൃഹ സമ്പർക്കവും വലിയ റാലികളുമാണ് ബിജെപി നടത്തുക. ഡൽഹിയിൽ നടന്ന നേതൃയോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ പാർട്ടി തയ്യാറാക്കിയത്. അക്രമവും അരാജകത്വവും സൃഷ്ടിച്ചുകൊണ്ട് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യമായി ആശങ്ക ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ ഇങ്ങനെയാണ് നേരിടെണ്ടത് എന്നതാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി വർക്കിങ് പ്രസിഡണ്ട് ജെപി നദ്ദ, പാർട്ടി നേതാക്കൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരൊക്കെ ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായി രാജ്യമെമ്പാടുമെത്തും. കോൺഗ്രസും സിപിഎമ്മുമൊക്കെ നടത്തുന്ന കള്ളക്കളികൾ തുറന്നുകാട്ടാനും പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയൊക്കെ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കാനുമാണ് ബിജെപി ഉദ്ദേശിക്കുന്നത്. അതായത് നിലവിലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സന്ദേശവും അവർ നൽകുന്നു.
രാജ്യത്ത് ഇപ്പോൾ പ്രതിപക്ഷം നടത്തിയ കരുനീക്കങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ബിജെപി നേതൃത്വം വിലയിരുത്തുന്നുണ്ടായിരുന്നു. ഓരോ സംസ്ഥാനത്തെയും കാര്യങ്ങൾ അതാത് സമയത്ത് പാർട്ടി നേതാക്കൾ അന്വേഷിച്ചറിഞ്ഞിരുന്നു. കേന്ദ്ര സർക്കാരും അതൊക്കെ നിരീക്ഷിക്കുന്നുണ്ടായിരുന്നല്ലോ. യഥാർഥത്തിൽ ഏതാനും കോളേജുകൾ, മുസ്ലിം ദേവാലയങ്ങൾ ഒക്കെ കേന്ദ്രീകരിച്ചുള്ള നീക്കമാണ് പ്രതിപക്ഷം നടത്തിയത് എന്നത് വ്യക്തം. ഇടത് പാർട്ടികൾക്കും കൂട്ടാളികൾക്കും കൂടി ഒരുദിവസം മാത്രമാണ് ഡൽഹിയിൽ റാലി നടത്താനായത്. അതിൽത്തന്നെ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവും. കോൺഗ്രസ് നടത്തിയത് വലിയ പ്രക്ഷോഭമൊന്നുമല്ല; അവർക്കും ഇക്കാര്യത്തിൽ ഡൽഹിയിലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ വ്യാപകമായി ആളുകളെ സംഘടിപ്പിക്കാൻ കഴിയുന്നില്ല. ഡൽഹിയിൽ ചില മുസ്ലിം കോളേജുകളിലാണ് കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചത്. മംഗലാപുരം അക്രമങ്ങൾക്ക് പിന്നിൽ കേരളത്തിൽ നിന്നുമെത്തിയവരാണ് എന്നത് കണ്ടെത്തിയിട്ടുണ്ട്. യുപിയിൽ മീററ്റിൽ ആണ് കുഴപ്പമുണ്ടാക്കിയത്. ഡൽഹിയിൽ ജുമാ മസ്‌ജിദിൽ വെള്ളിയാഴ്ചയിലെ പ്രാർത്ഥനക്കെത്തിയവരെയാണ് പ്രതിപക്ഷം ഉപയോഗിച്ചത്. അത് സർവസാധാരണമായ ഒരു ആൾക്കൂട്ടമാണ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് അത് അവിടെ എത്തുന്നതാണ് ആ മുസ്ലിങ്ങൾ. അതിനിടയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയതാവട്ടെ ഭീം പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും പിന്നെ ചില കോൺഗ്രസുകാരും ആം ആദ്‌മി നേതാക്കളും. കോൺഗ്രസ് നേതാക്കളാണ് ഭീം പാർട്ടി നേതാവിനെ ഈ പദ്ധതി ഏൽപ്പിച്ചത് എന്നതാണ് പോലീസ് കരുതുന്നത്. അയാളെ ഇന്ന് പുലർച്ചെ ജുമാ മസ്‌ജിദ് പരിസരത്തുനിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് ഉത്തർപ്രദേശിൽ വർഗീയ കലാപമുണ്ടാക്കാൻ മുന്കയ്യിട്ടിറങ്ങിയ അയാൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയാണ് അന്നയാൾക്ക് വേണ്ടതിലധികം പ്രാധാന്യം നൽകിയത് എന്നത് വാർത്തയായിരുന്നല്ലോ. അതെ ബന്ധം കൊണ്ടാണോ അയാൾ ഇപ്പോൾ ഡൽഹിയിലെത്തിയതും കലാപത്തിന് ഒരുക്കം നടത്തിയതും എന്നതും അന്വേഷിക്കും.
പൗരത്വ ഭേദഗതി സംബന്ധിച്ച് എന്തെങ്കിലും പുനരാലോചന വേണ്ടതില്ല എന്നതാണ് ബിജെപി തീരുമാനം. അതിൽ തെറ്റായിട്ടൊന്നുമില്ല. അത്തരമൊരു വിഷയം മത ന്യൂനപക്ഷങ്ങളെ തെരുവിലിറക്കാനായി പ്രതിപക്ഷം ഉപയോഗിച്ചു എന്ന് മാത്രം. അത് തെറ്റിദ്ധാരണ കൊണ്ടാണ്. മത ന്യൂനപക്ഷങ്ങളെക്കൂടി കാര്യങ്ങൾ പറഞ്ഞു മനസിലാക്കലാണ് ഈ ബൃഹദ് സമ്പർക്ക പരിപാടി കൊണ്ട് ബിജെപി നേതൃത്വം ഉദ്ദേശിക്കുന്നത്. വേറൊന്ന്, പ്രതിപക്ഷം തങ്ങളെ വഴിതെറ്റിക്കുകയായിരുന്നു എന്ന് ന്യൂനപക്ഷ സമൂഹത്തെ ബോധ്യപ്പെടുത്താനും ശ്രമം നടത്തും. എന്നാൽ ഇപ്പോഴുണ്ടായിട്ടുള്ള രാഷ്ട്രീയ സാഹചര്യം എന്തുകൊണ്ടും ബിജെപി- ക്ക് എതിരല്ല എന്നത് പ്രധാനമാണ്. മുസ്ലിം വോട്ടുകൾക്ക് വേണ്ടിയുള്ള കടിപിടിയാണ് ഇപ്പോൾ പ്രതിപക്ഷ നിരയിൽ കാണുന്നത്. അതുമായി അവർ നടക്കട്ടെ. എന്നാൽ ഇപ്പുറത്ത് നടക്കുന്ന രാഷ്ട്രീയമായ പോളറൈസേഷൻ, ഏകീകരണം, പ്രതിപക്ഷം മറക്കുകയാണ്. അത് ബിജെപിക്ക് ഗുണകരമാവുന്നു എന്നതാണ് യാഥാർഥ്യം. അത്തരമൊരു വിലയിരുത്തൽ ബിജെപി നടത്തിയോ എന്നതറിയില്ല…… എന്നാൽ അതാണ് യാഥാർഥ്യം. നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർ ഇക്കാര്യം ചൂണിക്കാണിച്ചുകഴിഞ്ഞു.
പൗരത്വ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ബിജെപിയുടെ റാലികൾ നടന്നിരുന്നു. വിരലിൽ എണ്ണാവുന്ന റാലികൾ. ആസാമിലാണ് ആദ്യത്തേത് നടന്നത്. അതിനുലഭിച്ച പ്രതികരണം അത്ര ഏറെയായിരുന്നു. പതിനായിരങ്ങൾ അതിലെത്തി. തുടർന്ന് ബീഹാർ, ദൽഹി, തമിഴ്‌നാട്, പൂനെ . മുംബൈ എന്നിവിടങ്ങളിൽ ഒക്കെ റാലികൾ നടന്നിട്ടുണ്ട്. അതിലും കണ്ടത് വലിയ ജനാവലിയയെയാണ്. അതായത്, ബിജെപി സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമാണ് എന്ന് വിളിച്ചുപറയാൻ ജനങ്ങൾ തയ്യാറാവുന്നു. അതിന് പിന്നാലെയാണ് എല്ലാ ജില്ലകളിലും റാലികൾ എന്ന് പാർട്ടി തീരുമാനിച്ചത്.
ഡൽഹിയിലെ ആദ്യ റാലി കഴിഞ്ഞപ്പോൾ ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത്, അയോദ്ധ്യ പ്രക്ഷോഭത്തിന്റെ ആദ്യ നാളുകളിൽ കണ്ട അതെ ആവേശവും പ്രതികരണവുമാണ് ജനങ്ങളിൽ പ്രത്യേകിച്ചും ഹിന്ദുക്കളിൽ, ഇന്നുള്ളത് എന്നതാണ്. അയോദ്ധ്യ സമരത്തിനിടെയും ഏതാണ്ടൊക്കെ സമാനമായ രാഷ്ട്രീയമായ അവസ്ഥയായിരുന്നല്ലോ; രാജ്യത്തെ സർവരും ബിജെപിക്കും ഹിന്ദുത്വ ശക്തികൾക്കും എതിരെ അണിനിരന്നിരുന്നു അന്ന്. എന്നാൽ അതിനിടെ ബിജെപിയുടെ അടിത്തറ വല്ലാതെ വികസിക്കുകയായിരുന്നു; വലിയൊരു വിഭാഗം ജനങ്ങൾ അന്ന് ബിജെപി നിലപാടിനൊപ്പമായി . അതാണിപ്പോൾ ഭൂരിപക്ഷ സമൂഹത്തിൽ കാണുന്നത് എന്നതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളും കൂട്ടരുമാണ് അതിന്റെ ആദ്യ രക്തസാക്ഷി ആവാൻ പോകുന്നത് എന്നും അദ്ദേഹം പ്രവചിക്കുന്നത് കേട്ടു. മതന്യൂനപക്ഷ നിലപാടിനൊപ്പം കോൺഗ്രസും എഎപിയും നിലകൊണ്ടപ്പോൾ ഡൽഹിയിൽ ബിജെപിയുടെ നിലപാടിനെ പിന്തുണക്കാൻ ആളുകളെത്തി. കോണോട്ട് പ്ളേസിലെ റാലി അതിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു….. മാധ്യമ സുഹൃത്തുക്കൾ വിലയിരുത്തുന്നു. ഈ ബിജെപി റാലികൾ ചാനലുകൾ പ്രത്യേകിച്ചും മലയാളം ചാനലുകൾ, ഒഴിവാക്കുന്നതും ഇതിനിടെ കണ്ടുവല്ലോ. സമൂഹത്തിലെ ഉന്നത സ്രെണിയിലുള്ളവർ അധ്യാപകർ, പണ്ഡിതന്മാർ എന്നിവരെല്ലാം ഒന്നിച്ചു സർക്കാർ നിലപാടിനെ പിന്തുണച്ചുകൊണ്ട് ഇന്ന് രംഗത്ത് വന്നു. ആയിരത്തിലേറെപ്പേർ അതിൽ ഒപ്പുവെച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ തെരുവിലിറക്കി സമരത്തിന് കോൺഗ്രസും മത മൗലികവാദികളും ശ്രമിക്കുമ്പോഴാണ് ഈ ശ്രമം വിജയിച്ചത്.
വെറും ന്യൂനപക്ഷ പ്രീണന കുതന്ത്രമാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും നടത്തുന്നത് എന്നത് തുറന്നുകാട്ടാൻ ഈ സമ്പർക്ക പരിപാടിയും റാലികളും ബിജെപി പ്രയോജനപ്പെടുത്തും. പൗരത്വ ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ടും ബംഗ്ലാദേശിൽ നിന്നും മറ്റുമുള്ള മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം കൊടുക്കാൻ നിയമത്തിൽ മാറ്റമുണ്ടാകണം എന്നും മന്മോഹൻ സിങ്ങും പ്രകാശ് കാരാട്ടുമൊക്കെ ആവശ്യപ്പെട്ടതും പാർലമെന്ററി സെലക്ട് കമ്മിറ്റിയിൽ വിവിധ പാർട്ടി നേതാക്കൾ സ്വീകരിച്ച നിലപാടുമൊക്കെ തുറന്നുകാട്ടാൻ ബിജെപി ശ്രമിക്കുക തന്നെ ചെയ്യും. അതിനൊപ്പം പാക്കിസ്ഥാനിലെ പട്ടികജാതിക്കാർക്ക് പൗരത്വം കൊടുക്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത് എന്നും മുൻപ് അവിടെനിന്ന് വന്ന മുസ്ലിങ്ങൾക്ക് ഇക്കൂട്ടർ പൗരത്വം കൊടുത്തിട്ടുണ്ട് എന്നതുമൊക്കെ ജനഹൃദയത്തിലെത്തിക്കും. പരമാവധി സ്ത്രീകളെയും മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെയും സമ്പർക്ക പരിപാടികളിൽ പങ്കാളിയാക്കുകയാണ് ലക്ഷ്യമിടുന്നത്.
Post Your Comments