ന്യൂഡൽഹി : ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജീവിതാവസാനം വരെ തടവും 25 ലക്ഷം പിഴയും. 10 ലക്ഷം രുപ പീഡനത്തിനിരയായ പെൺകുട്ടിക്കും 15 ലക്ഷം രൂപ കോടതി ചിലവായും കുൽദീപ് സിങ് സെൻഗാർ നൽകണം. ഡല്‍ഹി പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. എംഎൽഎ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. കേസില്‍ സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
2017 ജൂൺ നാലിനാണ് സംഭവങ്ങളുടെ തുടക്കം. കുൽദീപ് സിങ് സെൻഗറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെൺകുട്ടി പരാതിപ്പെട്ടു. സെൻഗറിനെതിരെ കേസെടുക്കാൻ ആദ്യം വിസ്സമ്മതിച്ച പൊലീസ് പെൺകുട്ടിയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. പീഡനം നടന്നതായി പറയുന്ന സമയത്തു താൻ സ്ഥലത്തുണ്ടായിരുന്നില്ല എന്ന സെൻഗറിന്റെ വാദങ്ങളെല്ലാം കോടതി തള്ളിയിരുന്നു. ഭീഷണി ഭയന്ന് ഒരു വാക്കു പോലും പറയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല പെൺകുട്ടിയെന്നു കോടതി നിരീക്ഷിച്ചിരുന്നു. കുറ്റപത്രം വൈകിച്ചതടക്കം സെൻഗറിനെതിരായ കേസിൽ സിബിഐയുടെ മെല്ലെപ്പോക്കും കോടതിയുടെ വിമർശനത്തിന് വിധേയമായി.
പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയായതോടെ വലിയ വിവാദത്തിനും തിരികൊളുത്തി. ഇതോടെ സേംഗറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.
Post Your Comments