ഇസ്‌ലാമാബാദ്: പാകിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ച മുൻ പാക്ക് പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് തെരുവിൽ കെട്ടിത്തൂക്കണമെന്ന് കോടതി ഉത്തരവിട്ടു. മൃതദേഹം ഇസ്‌ലാമാബാദിലെ സെൻട്രൽ സ്ക്വയറിൽ കൊണ്ടുവന്ന് മൂന്നു ദിവസം കെട്ടിത്തൂക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 76 കാരനായ മുഷറഫിന് മൂന്നംഗ ബെഞ്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വധശിക്ഷ വിധിച്ചത്.
വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവൻ പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മൃതദേഹം ഡി തെരുവിൽ (ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിർദേശം. രോഗബാധിതനായ മുഷറഫ് ദുബായിൽ ചികിത്സയിലാണ്. വിചാരണയെ മുൻ സൈനിക മേധാവി കൂടിയായ അദ്ദേഹം ചോദ്യം ചെയ്തു മണിക്കൂറുകൾക്കു ശേഷമാണ് വിശദമായ വിധിപ്രഖ്യാപനം വന്നത്.
അതേസമയം, എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു സൈനിക വക്താവ് ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവാണിത്. വിധിയിൽ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസർ അക്ബർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു.
Post Your Comments