കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. വിരാട് കോഹ്‍ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. 2018 ഒക്ടോബർ 31 മുതൽ 2019 സെപ്റ്റംബർ 30 വരെ കോഹ്‍ലിയുടെ സമ്പാദ്യം 252.72 കോടിയാണ്. കഴിഞ്ഞ എട്ടുവർഷങ്ങൾക്കിടെ ആദ്യമായാണ് സിനിമാ താരങ്ങളെ മറികടന്ന് ഒരു കായികതാരം പട്ടികയിൽ ഒന്നാമതെത്തുന്നത്.
രണ്ടാം സ്ഥാനത്ത് 293.25 കോടിയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ ആണ്. വരുമാനത്തിൽ അക്ഷയ് കുമാർ ആണ് ഒന്നാമതെങ്കിലും സെലിബ്രിറ്റി റാങ്ക് തീരുമാനിക്കുന്നത് വരുമാനത്തിന്റെ കാര്യത്തിൽ മാത്രമല്ലെന്ന് ഫോർബ്സ് അധികൃതർ പറയുന്നു. വരുമാനം കൂടുതലാണെങ്കിലും സമൂഹത്തിലെ പ്രശസ്തിയുടെ കാര്യം കൂടി പരിഗണിച്ചാകും റാങ്ക് തീരുമാനിക്കുക. സിനിമാ താരങ്ങളിൽ അക്ഷയ് കുമാർ തന്നെയാണ് ഒന്നാമത്.
64.5 കോടിയുമായി 27ാം സ്ഥാനം നേടിയ മോഹൻലാൽ നടത്തിയത് വലിയ മുന്നേറ്റമാണ് . പ്രഭാസ്, കമൽഹാസൻ, രൺബീർ കപൂർ, വിജയ്, അജിത്ത്, മഹേഷ് ബാബു എന്നിവരെ മറികടന്നാണ് മോഹൻലാലിന്റെ മുന്നേറ്റം. 33.5 കോടിയുമായി മമ്മൂട്ടി 62ാം സ്ഥാനം നേടി.
35 കോടിയുമായി പ്രഭാസ് 44ാമതും 30 കോടിയുമായി വിജയ് 47ാമതുമാണ്. 40 കോടിയാണ് അജിത്തിന്റെ വരുമാനം. 31.75 കോടിയുമായി ധനുഷ് 64ാമതുമെത്തി. ഈ വർഷം രണ്ട് നായികമാർ ആദ്യ പത്തിൽ ഇടം നേടി. 59.21 കോടിയുമായി ആലിയ ഭട്ട് എട്ടാമതും 48 കോടിയുമായി ദീപിക പദുക്കോൺ പത്താമതും എത്തി.
229.25 കോടിയുമായി സൽമാൻ ഖാൻ മൂന്നാംസ്ഥാനം നേടി. 239.25 കോടിയുമായി അമിതാഭ് ബച്ചൻ നാലാമതെത്തി. 100 കോടിയുമായി രജനികാന്ത് 13ാമതും 85 കോടിയുമായി ആമിർ 15ാ മതുമെത്തി .ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ എത്തുന്നത്. 2017 ല്‍ പതിനൊന്ന് കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ തവണ നാല്‍പത്തിയൊമ്പതാം സ്ഥാനത്തായിരുന്നു മമ്മൂട്ടി. 135.93 കോടിയുമായി ധോണിയാണ് അഞ്ചാമത്. ഷാരൂഖ് ഖാൻ ആറാമതും രൺവീര്‍ സിങ് ഏഴാമതും ഇടംപിടിച്ചു. 124.38 കോടിയാണ് കിങ് ഖാൻ സമ്പാദിച്ചത്. 76.96 കോടിയുമായി സച്ചൻ പട്ടികയിൽ ഒൻപതാമതാണ്.
Post Your Comments