കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്തിറങ്ങുന്നു. നിയമത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനു ജനുവരി ഒന്നു മുതൽ സംസ്ഥാന വ്യാപകമായി യോഗങ്ങൾ സംഘടിപ്പിക്കാനാണു തീരുമാനം. ലഘുലേഖകൾ വിതരണം ചെയ്തും വിശദീകരണ സമ്മേളനങ്ങൾ നടത്തിയും ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിക്ക് സംസ്ഥാനത്ത് അധ്യക്ഷൻ ഇല്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ നീക്കം.
കേരളത്തിലേക്ക് അനധികൃതമായി കുടിയേറിയ ബംഗ്ലദേശികളെ സംസ്ഥാന സർക്കാർ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല രംഗത്തെത്തി. ‘ഒരു രേഖയും ഇല്ലാത്ത കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായി കേരളം മാറരുത്. ഇവർ നിരവധി കുറ്റകൃത്യങ്ങളാണു ചെയ്യുന്നത്. ഇത് ഗൗരവമായി കാണണം. 30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ ഒരു രേഖയുമില്ലാതെ താമസിക്കുന്നുവെന്നാണു സർക്കാരിന്റെ കണക്ക്. ആഭ്യന്തര സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണിത്’ – ശശികല പറഞ്ഞു
24, 26 തിയതികളിൽ ജില്ലാ കേന്ദ്രങ്ങളിലും തുടർന്ന് നിയോജകമണ്ഡലങ്ങളിലും ജനസമ്പർക്ക പരിപാടികൾ നടത്തും. സത്യാവസ്ഥ ജനത്തെ ബോധ്യപ്പെടുത്താനും ആശങ്കയുള്ളവരുടെ ആശങ്ക അകറ്റാനുമാണ് പ്രചാരണ പ്രവർത്തനങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു.
Post Your Comments