ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിലവിലുള്ള നിയമ വ്യവസ്ഥയും പോലീസ് നടപടിയും ശക്തിപ്പെടുത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ. ഇരകൾക്ക് അതിവേഗ നീതി ഉറപ്പാക്കണമെന്നും ബോബ്‌ഡെ കൂട്ടിച്ചേർത്തു. നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട് വിഷയം ചര്‍ച്ചയായിരിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസിന്റെ നിര്‍ദ്ദേശം. വിഷയത്തില്‍ സ്വമേധയാ റിട്ട് രജിസ്റ്റര്‍ ചെയ്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി.
കേസ് വൈകുന്നത് ജനങ്ങളില്‍ പ്രതിഷേധമുണ്ടാക്കുന്നു. നിര്‍ഭയ ഒറ്റപ്പെട്ട കേസല്ല. ഈ കേസിലും കാലതാമസം നേരിട്ടു. എന്നിരുന്നാലും അന്വേഷണ ഏജന്‍സികള്‍ വളരെ വേഗത്തില്‍ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. നിര്‍ഭയ സംഭവത്തിന് ശേഷമുള്ള നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സുപ്രീംകോടതി പരിശോധിച്ചു. കണക്കുകള്‍ പ്രകാരം 2017ല്‍ മാത്രം 32,559 പീഡനക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്, കോടതി ചൂണ്ടിക്കാട്ടി. നിര്‍ഭയയ്ക്ക് ശേഷം കൊണ്ടുവന്ന നിയമങ്ങള്‍ക്കും ഉദ്ദേശിച്ച ഫലം കണ്ടെത്താനായില്ലെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി.
2013ല്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായും ഉന്നമനത്തിനായും സര്‍ക്കാര്‍ രൂപീകരിച്ച നിര്‍ഭയ ഫണ്ട് എന്തിനൊക്കെ വേണ്ടി ഉപയോഗിച്ചുവെന്നും അതിന്റെ വിവരങ്ങളും കോടതി ആവശ്യപ്പെട്ടു. ആക്രമണം നടന്ന് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാറുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ബോബ്‌ഡെ ചോദിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്ന് വിവരം ശേഖരിക്കുന്നതിന് ഓരോ പോലീസ് സ്റ്റേഷനിലും വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടോയെന്നും കോടതി അന്വേഷിച്ചു.
നിര്‍ഭയയ്ക്ക് ശേഷം സ്ത്രീകളുടെ സുരക്ഷ്‌ക്കായും നീതി ഉടന്‍ ലഭ്യമാക്കുന്നതിനും വേണ്ടി നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. പക്ഷേ, കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. കേസില്‍ ഫെബ്രുവരി ഏഴിന് വീണ്ടും വാദം കേള്‍ക്കും.
Post Your Comments