Latest NewsIndia

സ്‌റ്റേയില്ല; കേന്ദ്രത്തിനു നോട്ടീസ്‌ , പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഉടൻ പരിഹരിക്കില്ല : ഇന്നലെ സുപ്രീം കോടതിയിൽ നടന്നത്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനു സ്‌റ്റേയില്ല. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ്‌ അയയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ശീതകാല അവധിക്കു ശേഷം, ജനുവരി 22-ന്‌ ഇക്കാര്യം വീണ്ടും പരിഗണിക്കും.നിയമ ഭേദഗതിക്കെതിരായ അറുപതോളം ഹര്‍ജികളാണ്‌ ഇന്നലെ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്നിലെത്തിയത്‌. മുസ്ലിം ലീഗ്‌ അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു പുറമേ നിരവധി സംഘടനകളും വ്യക്‌തികളും സംഘടനകളുമാണു ഹര്‍ജിക്കാര്‍.

പാകിസ്‌താന്‍, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്‌ രാജ്യങ്ങളില്‍നിന്ന്‌ 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്‌ത്യന്‍, ബുദ്ധ, സിഖ്‌, പാഴ്‌സി, ജൈന മതക്കാര്‍ക്കു പൗരത്വം അനുവദിക്കുന്നതാണു ഭേദഗതി. പൗരത്വം നല്‍കുന്നതില്‍ മതത്തിന്റെ അടിസ്‌ഥാനത്തിലുള്ള വേര്‍തിരിവ്‌ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിംകളെ ഒഴിവാക്കിയതു മതനിരപേക്ഷതയുടെ ലംഘനമാണെന്നുമാണു ഹര്‍ജികളിലെ പ്രധാന വാദം.

എന്നാൽ മതപരമായ വിവേചനം മൂലം അഭയം തേടിയവര്‍ എന്നതാണു പരിഗണനയെങ്കില്‍ പാകിസ്‌താനിലെ അഹമ്മദിയ വിഭാഗക്കാര്‍, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിംകള്‍, ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ എന്നിവരെയും പരിഗണിക്കണമെന്ന ആവശ്യവും വിവിധ ഹര്‍ജികളിലുണ്ട്‌. അതേസമയം ശ്രീലങ്കയിലെ വിഷയത്തിന് വേറെ പദ്ധതികൾ ഉണ്ട്. ഇതു വിശദമായ വാദം കേള്‍ക്കേണ്ട വിഷയമാണെന്നും കേന്ദ്ര സര്‍ക്കാരിനു നോട്ടീസ്‌ അയയ്‌ക്കാമെന്നും കോടതി അറിയിച്ചെങ്കിലും വിവിധ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ സ്‌റ്റേ ആവശ്യപ്പെട്ടു.

എന്നാല്‍, പാര്‍ലമെന്റ്‌ പാസാക്കുന്ന നിയമങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ പാടില്ലെന്നും സുപ്രീം കോടതി നേരത്തേ നാലു വിധികളില്‍ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു.പ്രതിഷേധക്കാര്‍ക്കു നിയമത്തെപ്പറ്റി വ്യക്‌തമായ അറിവില്ലെന്നും നിയമവും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രാദേശിക ഭാഷകളിലടക്കം പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജി നല്‍കിയ അശ്വനികുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

പൗരത്വ നിയമവും എന്‍.ആര്‍.സിയും തമ്മില്‍ ഒരു ബന്ധമില്ലെന്ന്‌ കേന്ദ്രം: രണ്ടും കൂട്ടികുഴച്ചുള്ള അനാവശ്യ വിവാദം

കേരളത്തില്‍നിന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ടി.എന്‍. പ്രതാപന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ അധ്യക്ഷനായ കേരള മുസ്ലിം ജമാഅത്ത്‌, ഡി.വൈ.എഫ്‌.ഐ. തുടങ്ങിയവരും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. ചട്ടങ്ങള്‍ തയാറായിട്ടില്ലാത്ത നിലയ്‌ക്ക്‌ നിയമം പ്രാബല്യത്തിലായിട്ടില്ലെന്നും സാങ്കേതികമായി സ്‌റ്റേയുടെ ആവശ്യമില്ലെന്നും ഹര്‍ജിക്കാരിലൊരാളുടെ അഭിഭാഷകനായ രാജീവ്‌ ധവാന്‍ ചൂണ്ടിക്കാട്ടിയതും കോടതി കണക്കിലെടുത്തു. കടപ്പാട് മംഗളം

shortlink

Related Articles

Post Your Comments

Related Articles


Back to top button