ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും (സി.എ.എ.) ദേശീയ പൗരത്വ രേഖ(എന്‍.ആര്‍.സി)യും തമ്മില്‍ ബന്ധമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആരുടെയും പൗരത്വത്തെ സി.എ.എ. ബാധിക്കില്ലെന്നും പ്രസ്‌താവനയില്‍ മന്ത്രാലയം വ്യക്‌തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അസം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണു ദേശീയ പൗരത്വ രജിസ്‌റ്റര്‍ എന്നു പറയുന്നത്. അസമിലാണ് പൗരത്വ രജിസ്‌റ്റര്‍ ഉണ്ടാക്കിയത്.
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്‌റ്ററും തമ്മിലുള്ള ബന്ധം:-ഓഗസ്‌റ്റ് 31ന് അന്തിമ പൗരത്വ രജിസ്‌റ്റര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം അസമില്‍ വിവാദ പരമ്പരയായിരുന്നു. അര്‍ഹതയുള്ളവര്‍ പോലും പട്ടികയില്‍നിന്നു പുറത്തുപോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കളും പട്ടികയില്‍നിന്നു പുറത്തുപോയി. മതിയായ രേഖ സമർപ്പിക്കാതെ പലരും പുറത്തു പോവുകയാണുണ്ടായത്.
അതേസമയം മൂന്ന് അയല്‍രാജ്യങ്ങളില്‍ മതപീഡനം നേരിടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള പ്രത്യേക നിയമം മാത്രമാണു സി.എ.എയെന്നും മന്ത്രാലയം പറയുന്നു.മതപീഡനങ്ങളെത്തുടര്‍ന്നു ബംഗ്ലാദേശ്, പാകിസ്‌താന്‍, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രൈസ്‌തവ വിഭാഗക്കാര്‍ക്കാണു നിയമഭേദഗതി വഴി പൗരത്വം ലഭിക്കുന്നത്. വംശം, ലിംഗം, രാഷ്‌ട്രീയം, ഭാഷ തുടങ്ങിയവയുടെ അടിസ്‌ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ടവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.-മന്ത്രാലയം വ്യക്‌തമാക്കി.
1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണു പൗരത്വ ഭേദഗതി നിയമം. പാകിസ്‌താന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്ബ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്‌ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണു നിയമം.മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ടു തന്നെ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല.2014, ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ എത്തിയ അഭയാര്‍ഥികള്‍ക്കാണു പൗരത്വം നല്‍കുക.
നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് അഞ്ച് വര്‍ഷം വരെ എന്നാക്കി. അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. എന്നാല്‍ മുസ്ലിം അഭയാര്‍ഥികള്‍ക്ക് ഈ ആനുകൂല്യമുണ്ടാകില്ല.നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷ ആരോപണം. മതത്തിന്റെ അടിസ്‌ഥാനത്തില്‍ രാജ്യത്ത് വേര്‍തിരിവ് ഉണ്ടാക്കിയെന്നാണു പ്രധാന ആരോപണം.പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ അഭയാര്‍ഥികള്‍ക്കു പൗരത്വം ലഭിക്കും. അവര്‍ ഭയക്കേണ്ടതില്ല. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു ഭയപ്പെടേണ്ടിവരും.
Post Your Comments