പത്തനംതിട്ട: കാനനവാസന് മണ്ഡലപൂജ ദിവസം ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. 26ന് വൈകിട്ട് സന്നിധാനത്തെത്തി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. 23ന് രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ കയറി ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ ക്യാംപ് ചെയ്യും. 24ന് രാവിലെ എട്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് രാത്രിയില്‍ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി ക്യാംപ് ചെയ്യും. 25ന് കോന്നിയില്‍ നിന്നു പുറപ്പെട്ട് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം വഴി രാത്രി റാന്നി-പെരുനാട് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ എത്തി തങ്ങും.
26ന് രാവിലെ പെരുനാട്ടില്‍ നിന്നു പുറപ്പെട്ട് ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍, ചാലലക്കയം വഴി ഉച്ചയ്ക്ക് പമ്പയില്‍ എത്തും. ത്രിവേണിയില്‍ നിന്നു സ്വീകരിച്ച് പമ്പ ഗണപതികോവിലില്‍ ദര്‍ശനത്തിനുവയ്ക്കും. മൂന്ന് മണിക്ക് പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് തങ്ക അങ്കിയും ചുമന്നുളള ഘോഷയാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. അവിടെ നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്തില്‍ എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.
Post Your Comments